കുമളി: തമിഴ്‌നാട്ടിൽ നിന്ന് കടത്താൻ ശ്രമിച്ച നിരോധിത കീടനാശിനി കുമളി ചെക്പോസ്റ്റിൽ എക്‌സൈസ് വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രി 11 മണിയോടെ മോണോക്രോട്ടോഫോസ് എന്ന നിരോധിത കീടനാശിനിയുടെ ഒരു ലിറ്ററിന്റെ 15 കുപ്പികളാണ് കണ്ടെത്തിയത്. സ്വകാര്യത്തോട്ടത്തിലെ സൂപ്പർവൈസറായ കമ്പം സ്വദേശി അയ്യപ്പൻ (50), ഡ്രൈവർ തേനി സ്വദേശി ആനന്ദ് (25) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്ന് കോഴിയുമായി വന്ന വാഹനത്തിൽ ഒളിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു.
കേരളത്തിൽ നിരോധിച്ച മോണോക്രോട്ടോഫോസ്, പ്രഫന്ന ഫോസ്, ഫൂരി ഡാൻ തുടങ്ങിയ നിരോധിച്ച കീടനാശികൾ തമിഴ്‌നാട്ടിൽ നിരോധിച്ചിട്ടില്ലാത്തതിനാൽ കേരളത്തിൽ കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്നുണ്ട്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ എബ്രഹാം സെബാസ്റ്റ്യൻ, കൃഷി ആഫീസർമാരായ നിതിൻ, സോജി, മണികണ്ഠൻ, കൃഷി അസിസ്റ്റന്റുമാരായ ഷിബു വി.കെ, യൂനിസ് പി.കെ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.