ഇടുക്കി: കാഴ്ചയില്ലാത്ത അദ്ധ്യാപകർക്കും കുട്ടികൾക്കും കമ്പ്യൂട്ടർ അധിഷ്ഠിത പഠനം കൂടുതൽ സുഗമമാകത്തക്ക രീതിയിലുള്ള ശാരദ ബ്രെയിൽ പരിശീലന പരിപാടിയായ സമീക്ഷയ്ക്ക് തുടക്കം കുറിച്ചു. ആറ് കീ ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം. നളിൻ സത്യൻ എന്ന ബിരുദാനന്തര വിദ്യാർത്ഥിയാണ് കാഴ്ചയില്ലാത്തവർക്കു വേണ്ടി ഉബുൻഡുവിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറായ ശാരദ ബ്രെയിൽ റെറ്റർ കണ്ടുപിടിച്ചത്. ഏതു ഭാഷയിലും എഴുതാനും വായിക്കാനും ഇതുവഴി സാധിക്കും. കാഴ്ചയില്ലാത്ത കുട്ടികളുടെ പഠനം രസകരമാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. എസ്.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ നടക്കുന്ന ത്രിദിന പരിശീലന പരിപാടിക്ക് ലൂയി ബ്രെയ്ൽ സ്മാരക മാതൃക അന്ധവിദ്യാലയത്തിൽ തുടക്കം കുറിച്ചു. കാഴ്ചയില്ലാത്ത കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലെ എല്ലാ അദ്ധ്യാപകർക്കുമാണ് ആദ്യഘട്ടത്തിൽ പരിശീലനം നടക്കുന്നത്.