തൊടുപുഴ: തിയതി കുറിച്ചു, ഇനി അങ്കത്തിനായുള്ള പടയൊരുക്കം. സ്ഥാനാർത്ഥി നിർണയത്തിനും പത്രികാ സമർപ്പണത്തിനുമെല്ലാം ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ല അതിവേഗം തിരഞ്ഞെടുപ്പ് ചൂടിലായി. തൊടുപുഴ, ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. പൊതുവെ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന ജില്ലയാണ് ഇടുക്കിയെന്നാണ് അറിയപ്പെടുന്നതെങ്കിലും ഒന്നര പതിറ്റാണ്ടായി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് വ്യക്തമായി മേൽക്കൈയുണ്ട്. കഴിഞ്ഞ മൂന്ന് ടേമുകളിലായി കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇടുക്കിയിലില്ല. നിലവിൽ തൊടുപുഴയൊഴിച്ച് മറ്റ് നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ജോസ് കെ. മാണി വിഭാഗം ഇടതുപക്ഷത്തേക്ക് പോയതോടെയാണ് റോഷി അഗസ്റ്റ്യൻ പ്രതിനിധീകരിച്ചിരുന്ന ഇടുക്കി മണ്ഡലവും യു.ഡി.എഫിന് നഷ്ടമായത്. ഈ മേൽക്കൈ നഷ്ടമാകാതിരിക്കാനാകും ഇടതുപക്ഷത്തിന്റെ ശ്രമം. എന്നാൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഡീൻ കുര്യാക്കോസ് നേടിയ പതിനായിരങ്ങളുടെ ഭൂരിപക്ഷം നഷ്ടമായ സീറ്റുകളെല്ലാം തിരികെ പിടിക്കാമെന്ന യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിലെ ഫലമനുസരിച്ച് ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോൾ തൊടുപുഴയിലും ദേവികുളത്തും യു.ഡി.എഫിനായിരുന്നു മുൻതൂക്കം.
തദ്ദേശതിരഞ്ഞെടുപ്പിൽ ഹൈറേഞ്ചിലടക്കം എൽ.ഡി.എഫിന് നേട്ടമുണ്ടാക്കി കൊടുത്ത കേരളകോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ സ്വാധീനവും ഈ തിരഞ്ഞെടുപ്പിൽ നിർണായകമാകും. ഓരോ തിരഞ്ഞെടുപ്പുകളിലും നില മെച്ചപ്പെടുത്തുന്ന എൻ.ഡി.എ ഇത്തവണ ഇരുമുന്നണികൾക്കും ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ മത്സരിച്ച തൊടുപുഴയിലും ഇടുക്കിയിലും ഉടുമ്പഞ്ചോലയിലും ഇരുപതിനായിരത്തിലേറെ വോട്ടുകൾ നേടി വിജയത്തെ സ്വാധീനിച്ചിരുന്നു. വിജയിക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇത്തവണയും മുന്നണി മത്സരരംഗത്തിറങ്ങുന്നത്.
വെല്ലുവിളി സ്ഥാനാർത്ഥിനിർണയം
നിലവിലെ സ്ഥിതിയനുസരിച്ച് തൊടുപുഴയിൽ പി.ജെ. ജോസഫും ഉടുമ്പഞ്ചോലയിൽ എം.എം. മണിയും ഇടുക്കിയിൽ റോഷി അഗസ്റ്റ്യനും വീണ്ടും മത്സരിച്ചേക്കും. മൂന്നുവട്ടം മത്സരിച്ചവർ മാറി നിൽക്കണമെന്ന പാർട്ടി നിർദേശത്തെ തുടർന്ന് പീരുമേട്ടിൽ ഇ.എസ്. ബിജിമോൾ മാറി നിൽക്കും. ജയസാദ്ധ്യത കണക്കിലെടുത്ത് ദേവികുളത്ത് എസ്. രാജേന്ദ്രന് തന്നെ സീറ്റ് നൽകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഒഴിവുള്ള ഓരോ സീറ്റുകളിലും മത്സരിക്കാനായി ഇതിനകം അരഡസനോളം സ്ഥാനാർത്ഥികൾ കച്ചക്കെട്ടി ഇറങ്ങിയിട്ടുണ്ട്. കോൺഗ്രസിലാണ് സീറ്റ് മോഹികൾ കൂടുതൽ. ഇവരിൽ നിന്ന് ഗ്രൂപ്പ്- സാമുദായിക സമവാക്യങ്ങൾ നോക്കി ഉചിതമായ സ്ഥാനാർത്ഥികളെ കണ്ടെത്തുകയെന്നതാണ് മുന്നണികളുടെ വെല്ലുവിളി.
വിഷയങ്ങൾ അനവധി
പൊതുവിഷയങ്ങൾക്ക് പുറമെ ജില്ലയിലെ വിവിധ ജനകീയ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. പീരുമേട്, ദേവികുളം മണ്ഡലങ്ങളിൽ തമിഴ്തോട്ടം തൊഴിലാളികളുടെ ശോചനീയമായ ജീവിത സാചര്യങ്ങൾ ചർച്ചയാകും. ഉടുമ്പഞ്ചോല, ഇടുക്കി മണ്ഡലങ്ങളിൽ നിർമാണ നിരോധനമടക്കമുള്ള കുടിയേറ്റ കർഷകുടെ പ്രശ്നങ്ങൾ ഉയർന്ന് വരും. കർഷകപ്രശ്നങ്ങൾ, പ്രളയ പുനരധിവാസം, ഇടുക്കി പാക്കേജ് എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിലെ ജനങ്ങളെ സ്വാധീനീക്കും. അതേസമയം തകർന്ന റോഡുകൾ നന്നാക്കിയതും സമ്പൂർണ വൈദ്യുതീകരണവും ആയിരങ്ങൾക്ക് പട്ടയംനൽകിയതും ലൈഫ് മിഷൻ വഴി വീട് വച്ചുനൽകിയതും ക്ഷേമപെൻഷനും കിറ്റുമടക്കമുള്ള സർക്കാരിന്റെ വികസനനേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും ഉയർത്തിക്കാണിക്കാനാകും ഇടതുപക്ഷം ശ്രമിക്കുക.