pp

കുമളി: ഇടുക്കിയിൽ വീണ്ടും കോടികളുടെ ലഹരി വേട്ട. ഇത്തവണ 1.30 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവുമാണ് പിടികൂടിയത്. ഇന്നലെ രാവിലെ ആന്ധ്രയിൽ നിന്ന് കുമളി ചെക്പോസ്റ്റിലൂടെ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം 20 കിലോ കഞ്ചാവും 1.100 കിലോ ഹാഷിഷ് ഓയിലുമായി എക്‌സൈസിന്റെ പിടിയിലാകുന്നത്. ശാന്തിഗ്രാം പാറത്തരികത്ത് വീട്ടിൽ മഹേഷ് (26), കട്ടപ്പന ദൈവംമേട് സ്വദേശി എടാട്ട് തറയിൽ പ്രദീപ് (30), വാഴവര എട്ടാം മൈൽ സ്വദേശി ചേറ്റുകുഴിയിൽ വീട്ടിൽ റെനി (40) എന്നിവരാണ് പിടിയിലായത്. ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ഒരു കോടിയിലധികവും കഞ്ചാവിന് 25 ലക്ഷത്തിലധികവും വിലയുണ്ട്.
കട്ടപ്പന സ്വദേശിയുടെ നിർദേശത്തെ തുടർന്ന് ആന്ധ്രാ പ്രദേശിലെത്തിയ മൂന്നംഗ സംഘത്തിന് ഇടപാടുകാർ നേരിട്ടെത്തി ലഹരി നൽകുകയായിരുന്നു. പണമിടപാടുകൾ കട്ടപ്പന സ്വദേശി നേരിട്ടാണ് നടത്തിയതെന്നും പ്രതികൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ തുടർ അന്വേഷണങ്ങൾക്കായി വണ്ടിപ്പെരിയാര് എക്‌സൈസ് റെയിഞ്ച് ആഫീസിന് കൈമാറി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ലഹരിയുമായി പിടിയിലായത്. സ്ക്വാഡിലെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ ജി. കൃഷ്ണകുമാർ, ടി. അനിൽകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ് കുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. മധുസൂധനൻ നായർ, പ്രിവന്റീവ് ആഫിസർ രാജ്കുമാർ ബി, സിവിൽ എക്‌സൈസ് ആഫീസർമാരായ ആർ. രാജേഷ്, അനീഷ് ടി.എ, പി.സുബിൻ, എസ്. ഷംനാദ്, കുമളി എക്‌സൈസ് ചെക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ഇ. ഷൈബു, പ്രിവന്റീവ് ആഫീസർ രവി വി, സിവിൽ എക്‌സൈസ് ആഫീസർമാരായ നദീർ കെ. ഷംസ്, ജോബി തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.