തൊടുപുഴ: അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് പാട്ടുപാടി സഹായം തേടി സിഗിംഗ് അർട്ടിസ്റ്റ് അസോസിയേഷൻ. വണ്ണപ്പുറം തഴുവക്കല്ലേൽ ശശിയുടെ മകൻ അരുണിനാണ് (27) ഒരു പറ്റം സുമനസുകളുടെ സഹായം ലഭിച്ചത്. ഫോട്ടോഗ്രാഫറായ അരുൺ ഈ മാസം 13ന് ജോലിക്ക് പോകും വഴി കല്ലൂർക്കാട് വച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. നട്ടെല്ലിനും തലയ്ക്കും ഗുരുതര പരിക്കോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ് അരുണിന്റേത്. ഈ സാഹചര്യത്തിലാണ് ജില്ലയിലെ സിഗിംഗ് ആർട്ടിസ്റ്റ് സംഘടന തൊടുപുഴ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം പാട്ടുപാടി അരുണിന്റെ ചികിത്സയ്ക്കായി സഹായം തേടിയത്. പിരിഞ്ഞ് കിട്ടിയ 71500 തുക അരുണിന്റെ സഹോദരി അപർണ്ണയെ ഏൽപ്പിച്ചു. ജനുവരിയിൽ കാൻസർ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം പോകുന്ന വഴി കൊട്ടാരക്കര വച്ച് ആട്ടോറിക്ഷ ഇടിച്ച് അരുണിന്റെ പിതാവ് ശശിക്കും സഹോദരി അപർണയ്ക്കും ഗുരുതര പരിക്കേറ്റിരുന്നു. അതിനിടയിലാണ് അരുണിനും അപകടമുണ്ടായത്. തുടർചികിത്സ വേണ്ടതു കൊണ്ട് ഇനിയും സഹായം ആവശ്യമുണ്ട്. സന്മനസുള്ളവർ സഹായിക്കുന്നതിനായി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 14300100062080. ഐ.എഎഫ്.എസ്.സി കോഡ്- FDRL0001430. ഗൂഗിൾപേ: 8547773811.