 
തൊടുപുഴ: ഹരിത കേരള മിഷൻ 'ഇനി ഞാൻ ഒഴുകട്ടേ" മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഉടുമ്പന്നൂർ പഞ്ചായത്തിൽ തുടക്കമായി. മലയിഞ്ചി ആൾക്കല്ല് തോട് വീണ്ടെടുപ്പ് പ്രവർത്തനം പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജലശൃംഖലകളുടെ വീണ്ടെടുപ്പിനായി നടത്തുന്ന 'ഇനി ഞാൻ ഒഴുകട്ടേ" കാമ്പെയിനിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്കാണ് ഉടുമ്പന്നൂർ പഞ്ചായത്തിൽ തുടക്കമായത്. പഞ്ചായത്തിന്റെ 16 വാർഡുകളിലുമുള്ള വിവിധ ജല സ്രോതസുകളുടെ വീണ്ടെടുപ്പും നീർച്ചാലുകളുടെ തടസ രഹിതമായ ഒഴുക്കുമാണ് പദ്ധതി ലക്ഷ്യം വക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി സഹകരിച്ചാണ് കാമ്പെയിൻ നടപ്പിലാക്കുന്നത്. ആൾക്കല്ല് തോട്ടിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എം. ലതീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അൽഫോൻസ കെ. മാത്യു സ്വാഗതവും സെക്രട്ടറി ബി. കനകമണി നന്ദിയും പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുലൈഷ സലിം, പഞ്ചായത്തംഗം പി.എസ് രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് പദ്ധതി ഓവർസിയർ അനീഷ്, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികൾ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.