തൊടുപുഴ: കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ കായിക ആവശ്യങ്ങൾക്കായി പൊതുഗ്രൗണ്ട് കണ്ടെത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കറുക യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. തൊടുപുഴ നിയോജകമണ്ഡലത്തിലെ ഏറ്റവുമധികം സ്‌കൂളുകളും കോളേജുകളും വിദ്യാർത്ഥികളുമുള്ള പഞ്ചായത്താണ് കുമാരമംഗലം. എന്നാൽ ഇവിടെ ഒരു പൊതു ഗ്രൗണ്ട് ഇല്ല. ഉപയോഗശൂന്യമായി കിടക്കുന്ന എം.വി.ഐ.പി സ്ഥലങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കളിസ്ഥലമാക്കാൻ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. കെ.എസ്‌.യു കറുക യൂണിറ്റ് പ്രസിഡന്റ് എൽബിൻ ടി. ജോസ്, കെ.എസ്.യു തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് അസ്ലം ഓലിക്കൻ, പഞ്ചായത്ത് മെമ്പർ സാജൻ ചിമ്മിനിക്കാട്ട്, കെ.എസ്‌.യു ജില്ലാ സെക്രട്ടറി ജോസുകുട്ടി ജോസഫ്, യൂത്ത് കോൺഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.