ചെറുതോണി: എന്തിനേയും ഏതിനേയും എതിർക്കുന്ന സംസ്ഥാന പ്രതിപക്ഷത്തിന്റെ അതേ നിലപാട് തന്നെയാണ് ഇടുക്കി ഡി.സി.സിയും യു.ഡി.എഫും സ്വീകരിക്കുന്നതെന്ന് സി.പി.എം. ഇടുക്കിയെ പുനർ സൃഷ്ടിക്കാൻ പര്യാപ്തമായ അനന്ത സാധ്യതകളുള്ള ഇടുക്കി പാക്കേജിനെ എതിർക്കാനുള്ള ഡി.സി.സി പ്രസിഡന്റിന്റെ ചർമ്മബലം ജനങ്ങൾ തിരിച്ചറിയും. ജില്ലയിൽ നടക്കുന്ന വികസന മുന്നേറ്റത്തിനെതിരെ പുറം തിരിഞ്ഞു നിൽക്കുന്ന ഡി.സി.സിയുടെ ജനവിരുദ്ധ നിലപാട് മൂലമാണ് 15 കൊല്ലമായി കോൺഗ്രസിന് എം.എൽ.എമാരില്ലാത്ത ജില്ലയായി ഇടുക്കിയെ ജനങ്ങൾ മാറ്റിയത്. ഇത്തവണയും യു ഡി എഫിനെ ജില്ലയിൽ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. വികസനത്തെ അട്ടിമറിക്കുന്ന അസഹിഷുണതയുടെയും നുണപ്രചരണത്തിന്റെയും രാഷ്ട്രീയം ചുമക്കുന്ന കോൺഗ്രസ്സിനെയും യു.ഡി.എഫിനെയും ജനങ്ങൾ തള്ളിക്കളയും. 12,000 കോടിയുടെ ഇടുക്കി പാക്കേജ് സമഗ്രവും സമ്പൂർണവുമാണ്. അത് നടപ്പിലാക്കിയെടുക്കാൻ ഉത്തരവാദിത്വമുള്ള എം.പി പാക്കേജ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തത് ജില്ലയുടെ കറുത്ത പാടായി അവശേഷിക്കും. മലയോര കർഷകന്റെ ആഹാരത്തിൽ മണ്ണുവാരിയിടുന്ന സമീപനമാണത്. എം.പിയുടെ കഴിവില്ലായ്മയും കാഴ്ചപ്പാടില്ലായ്മയും മടിയും ഇടുക്കിക്ക് ബാദ്ധ്യതയായി മാറി. 2018 ൽ ബഡ്ജറ്റിൽ പ്രഖ്യപിച്ച ഇടുക്കി പാക്കേജ് 1000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനോടകം ജില്ലയിൽ നടപ്പിലാക്കി കഴിഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സംയോജിത പദ്ധതിയായാണ് പാക്കേജുകൾ നടപ്പിലാക്കുന്നത്. പ്രളയം തകർത്തെറിഞ്ഞ ജില്ലയിൽ 200 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയായി. പൊതുമരാമത്ത് റോഡുകൾ 250 കോടി രൂപ ചിലവിൽ രാജ്യന്തര നിലവാരത്തിൽ നിർമ്മിച്ചു. പ്രളയത്തിൽ തകർന്ന തടിയമ്പാട് ,പാറത്തോട് പാലങ്ങൾ പുനർ നിർമ്മിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ആശുപത്രികൾ , തോട്ടം മേഖല ഉൾപ്പെടെ ചലനാത്മകമാക്കി. കാർഷിക കമ്പനികൾ ഉത്പാദന രംഗത്ത് കടന്നുവന്നു. ജില്ലയിൽ സഹകരണ രംഗത്ത് തേയില ഫാക്ടറികൾ ഉൾപ്പെടെ ആരംഭിച്ചു. തദ്ധേശ സ്ഥാപനങ്ങൾവഴി ക്ഷീര മേഖലയിൽ കർഷകർക്കായി പ്രത്യേക പദ്ധതികൾ കൊണ്ടുവന്നു. യു ഡി എഫ് ഭരണത്തിൽ ഉപേക്ഷിക്കപ്പെട്ട ഇടുക്കി മെഡിക്കൽ കോളേജ് ഇടുക്കിയുടെ അഭിമാന സ്തംഭമായി മാറിയെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ പറഞ്ഞു.