തൊടുപുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയായ യുവാവിന് അഞ്ചു വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. വാഗമൺ പശുപ്പാറ തേയില എസ്റ്റേറ്റ് ജീവനക്കാരനായിരുന്ന വിജയകുമാറിനെയാണ് (35) തൊടുപുഴ പോക്‌സോ പ്രത്യേക ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്. 2015 ഏപ്രിൽ 25നായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം വീട്ടിൽ അതിക്രമിച്ച് കയറിയ അയൽവാസിയായ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ദേഹോപദ്രവം ഏൽച്ചതിനും വീട്ടിൽ അതിക്രമിച്ചു കയറിയതിനും മൂന്ന് മാസം വീതം പ്രത്യേകം ശിക്ഷിച്ചെങ്കിലും ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. പോക്‌സോ നിയമത്തിലെ 10–ാം വകുപ്പ് പ്രകാരമാണ് അഞ്ചു വർഷം കഠിനതടവ്. ഇരയായ പെൺകട്ടിക്ക് ഇരുപതിനായിരം രൂപ നഷപരിഹാരം നൽകണം. നഷ്ടപരിഹാര തുക ഇതിനായുള്ള സർക്കാർ ഫണ്ടിൽ നിന്ന് നൽകണം. കേസിലെ സാക്ഷികൾ അസം സ്വദേശികളായതിനാൽ ദ്വിഭാഷിയുടെ സഹായത്തോടെയാണ് കോടതി മൊഴി രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി വാഹിദ ഹാജരായി.