തൊടുപുഴ: ഹൈറേഞ്ചിന്റെ കവാടമായ തൊടുപുഴ കൊച്ചിയുടെ ഉപനഗരമായി അതിവേഗം വളരുന്ന നഗരമാണ്. ഹൈറേഞ്ചിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയുമല്ലെങ്കിലും നിരവധി കുന്നുകളും ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങളും തൊടുപുഴയെ മനോഹരിയാക്കുന്നു. പ്രദേശവാസികൾ പ്രധാനമായും റബറും പൈനാപ്പിളുമടക്കമുള്ള കൃഷിയെയും വ്യവസായത്തെയും ആശ്രയിക്കുന്നവരാണ്. 1972ൽ ഇടുക്കി ജില്ല രൂപീകരിക്കുന്നതിന് മുമ്പ് എറണാകുളം ജില്ലയുടെ ഭാഗമായിരുന്നു തൊടുപുഴ. ഇപ്പോൾ തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയോജക മണ്ഡലം. അരനൂറ്റാണ്ടിനിടെ രണ്ട് തവണയൊഴിച്ച് എല്ലായ്‌പ്പോഴും പി.ജെ. ജോസഫാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1970 മുതൽ തൊടുപുഴയെന്നാൽ പി.ജെ. ജോസഫാണ്. 1991ൽ മത്സരിക്കാതിരുന്നപ്പോഴും 2001ൽ എതിർസ്ഥനാർത്ഥിയായ പി.ടി. തോമസ് വിജയിച്ചപ്പോഴുമൊഴികെ എല്ലാത്തവണയും പി.ജെ തന്നെയായിരുന്നു വിജയി. കഴിഞ്ഞ തവണ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം നേടി ആധികാരികമായിട്ടായിരുന്നു ജോസഫിന്റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളകോൺഗ്രസ് ജേക്കബ് വിഭാഗം മുൻ ജില്ല പ്രസിഡന്റ് റോയി വാരികാട്ടും എൻ.ഡി.എ സ്ഥാനാർത്ഥിയായി അഡ്വ. എസ്. പ്രവീണുമായിരുന്നു മത്സരരംഗത്ത്.
ജോസഫ് ഇടതുപക്ഷത്തിനൊപ്പം ചേർന്നപ്പോഴാണ് തൊടുപുഴ ഇടതോട്ട് ചാഞ്ഞിട്ടുള്ളത്. 1967ൽ ഇടതു പിന്തുണയുള്ള സ്വതന്ത്രൻ വിജയിച്ചതുമാത്രമാണ് അപവാദം. നിലവിൽ യു.ഡി.എഫിൽ കേരളത്തിലെ തലമുതിർന്ന നേതാവായ ജോസഫ് തന്നെ തൊടുപുഴയിൽ മത്സരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ജോസ് കെ. മാണിയുമായുള്ള തർക്കത്തിൽ നഷ്ടമായ കഴിഞ്ഞ തവണ മത്സരിച്ച രണ്ടില ചിഹ്നമുണ്ടാകില്ലെന്ന് മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും തദ്ദേശ തിരഞ്ഞെടുപ്പിൽ 12ൽ ഒമ്പത് പഞ്ചായത്ത് നേടാനായതും യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എന്നാൽ പി.ജെയെ തളയ്ക്കാൻ പറ്റിയ എതിരാളിയെ തിരയുകയാണ് ഇടതുപക്ഷം. കേരളകോൺഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിന് സീറ്റ് കിട്ടിയാൽ പ്രഥമ പരിഗണന പാർട്ടി സംസ്ഥാന ഹൈപ്പവർ കമ്മിറ്റി അംഗം കെ.ഐ. ആന്റണിക്കാകും. ദീർഘനാളായി പൊതുരംഗത്ത് സജീവമായ അദ്ദേഹത്തിന് മണ്ഡലത്തിൽ ധാരാളം വ്യക്തിബന്ധങ്ങളുണ്ട്. യു.ഡി.എഫ് വോട്ടുകളിൽ വലിയതോതിൽ വിള്ളലുണ്ടാക്കാൻ അദ്ദേഹത്തിനാകുമെന്നാണ് കരുതുന്നത്. കേരളകോൺഗ്രസിന് സീറ്റ് നൽകിയില്ലെങ്കിൽ ഒരു പൊതുസ്വതന്ത്രനെ നിറുത്താനാണ് എൽ.ഡി.എഫ് തീരുമാനം. അങ്ങനെവന്നാൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ടിന്റെ പേരും സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിലുള്ള മികച്ച പ്രകടനവും സി.പി.എം അംഗമായ പൊതുസമ്മതനായ യുവാവാണെന്നതും മികവാണ്. നേരത്തെ കോൺഗ്രസിലായിരുന്നപ്പോഴുള്ള ബന്ധമുപയോഗിച്ച് വലിയ തോതിൽ യു.ഡി.എഫ് വോട്ടുകളും പിടിക്കാനാകുമെന്നാണ് നേതൃത്വം കണക്കുക്കൂട്ടുന്നത്. സാമുദായിക സമവാക്യങ്ങളും അനുകൂലമാണ്. മുഹമ്മദ് ഫൈസൽ മത്സരിച്ചാൽ എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ബലത്തിൽ പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. അന്തിമതീരുമാനം സി.പി.എം സംസ്ഥാന നേതൃത്വത്തിന്റേതാകും. കഴിഞ്ഞ തവണത്തേതുപോലെ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷ എൻ.ഡി.എയ്ക്കുണ്ട്. സ്ഥാനാർത്ഥി സംബന്ധിച്ച ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണ്.