തൊടുപുഴ: ഇന്ധന വിലവർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ടിന് ആഹ്വാനം ചെയ്തിരിക്കുന്ന മോട്ടോർവാഹന പണിമുടക്കിൽ ഇടുക്കി ഡിസ്ട്രിക്ട് മോട്ടോർവർക്കേഴ്‌സ് യൂണിയനിലെ എല്ലാ തൊഴിലാളികളും പങ്കെടുക്കാൻ തൊടുപുഴയിൽ ചേർന്ന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് കെ.ആർ. സോദരൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ഒഴികെയുള്ള മുഴുവൻ തൊഴിലാളി യൂണിയനുകളും പണിമുടക്കിൽ പങ്കു ചേരും. അത്യാവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധിപ്പിക്കാനും ഗതാഗത ചെലവ് കുത്തനെ കൂട്ടാനും കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കാനും ഇടയാക്കിയ മോഡിസർക്കാരിന്റെ ഇന്ധനവിലവർദ്ധന പിൻവലിക്കുക, 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കുക, മുഴുവൻ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുക തുടങ്ങിയ കേന്ദ്ര സർക്കാർ നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുഴുവൻ ജനങ്ങളെയും കോർപ്പറേറ്റുകൾക്ക് കൊള്ള ചെയ്യാനുള്ള അവസരം ഒരുക്കുന്ന മോഡിസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന പണിമുടക്കും തൊഴിലാളി പ്രകടനങ്ങളും വൻ വിജയമാക്കാൻ മുഴുവനാളുകളോടും യൂണിയൻ അഭ്യർത്ഥിച്ചു.