തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്ന 12,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്ന ഇടതുപക്ഷ സർക്കാർ ജില്ലയിലെ ജനങ്ങളുടെ ചിന്താശക്തിയെ പോലും വെല്ലുവിളിക്കുകയാണെന്ന് മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു വർഷംകൊണ്ട് ഇടു ക്കിയെ തകർത്ത് തരിപ്പണം ആക്കിയവർക്ക് ജനങ്ങൾ മാപ്പ് നൽകില്ല. എൽ ഡി എഫ്. സർക്കാർ പ്രഖ്യാപിച്ച 6000 കോടി രൂപയുടെ പാക്കേജ് എവിടെ പോയി എന്നു പോലും ജനങ്ങൾക്ക് അറിയില്ല. പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നവർ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുകയാണ്. സർവ്വകക്ഷിയോഗത്തിൽ തീരുമാനം എടുത്ത ഭൂമി പതിവ് ചട്ട നിയമഭേദഗതി പോലും നടപ്പാക്കാൻ കഴിയാത്തവർ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കാട്ടുമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ക്യഷിക്കാരെ രക്ഷിക്കുന്നതിനോ കടക്കെണിയിൽപെട്ട് ആത്മഹത്യയിൽ എത്തിനിൽക്കുന്ന കൃഷിക്കാരെ സംരക്ഷിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ വെറും പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ വിഡ്ഢികളാക്കരുത്.
സംസ്ഥാന സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ബഫർ സോണുകൾ പ്രഖ്യാപിച്ച ഫോസ്റ്റ് വകുപ്പ് ഇടുക്കിയിലെ ജനങ്ങളോട് മാത്രമാണ് വിവേചനം കാണിച്ചിരിക്കുന്നത്. തമിഴ്‌നാട് സർക്കാർ 0 ബഫർ സോൺ അതിർത്തി പ്രഖ്യാപിപ്പോൾ കേരളസർക്കാർ 1 കിലോമീറ്റർ ദൂരം ആണ് ബഫർ സോൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൃഷിക്കാർ ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനോ അവർ വെച്ചുപിടിപ്പിക്കുന്ന മരങ്ങൾ മുറിക്കുന്നതിനോ, വേണ്ട ഉത്തരവുകൾ ഇറക്കുന്നതിന് തയ്യാറാകാതെ വെറും പ്രഖ്യാപനങ്ങൾ മാത്രം നടത്തിയ സർക്കാർ മാപ്പ് അർഹിക്കുന്നില്ല. തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വീട് വെച്ചുകൊടുക്കുന്നതിനോ അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനോ, യാതൊരു പദ്ധതിയും പ്രഖ്യാപിക്കാത്ത മുഖ്യമന്ത്രി ഇനിയും തൊഴിലാളി വർഗ സംരക്ഷകനാണെന്ന് പറഞ്ഞ് നടക്കരുത്. ജില്ലയിലെ ചിന്താശക്തി നശിക്കാത്ത ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിന്റെ ഈ കൊള്ളരുതായ്മക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു.