kumaramangalam
കുമാരമംഗലം എട്ടാംവാർഡിൽ വാർഡ് മെംബർ എം പി സുനിത ഹരിതകർമ്മ സേനാംഗങ്ങളായ ലിജ ബിജു,ശോഭാ ബാബു എന്നിവരോടൊപ്പം മാലിന്യശേഖരണത്തിനിറങ്ങിയപ്പോൾ

തൊടുപുഴ: ഹരിതകർമ്മസേനയോടൊപ്പം മാലിന്യശേഖരണത്തിനിറങ്ങി ജനപ്രതിനിധികൾ. ഹരിത കർമ്മസേനയുടെ പ്രവർത്തനം ശക്തമാക്കുന്നതിനായാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മാലിന്യ പരിപാലനത്തിന്റെ പ്രാധാന്യവും മഴക്കാല പൂർവ ശുചീകരണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന ക്യാമ്പയിൻ നടത്താൻ ജില്ലാ പഞ്ചായത്തും ഹരിത കേരളവും ശുചിത്വ മിഷനും തീരുമാനിച്ചത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വിഭാവനം ചെയ്ത രീതിയിൽ പരിപാടി നടത്തുന്നതിന് പെരുമാറ്റച്ചട്ടം തടസമായി. അതിനാൽ വാർഡ് തല സാനിറ്റേഷൻ സമിതിയുടെ നേതൃത്വത്തിൽ ഹരികർമ്മേനയോടൊപ്പം രംഗത്തിറങ്ങുകയായിരുന്നു.​ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുൾപ്പടെയുള്ള ജനപ്രതിനിധികൾ മാലിന്യ ശേഖരണത്തിനായി ഒപ്പം ചേർന്നത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് വലിയ ഊർജ്ജമാണ് നൽകിയത്. മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കേണ്ടതിന്റെ പ്രാധാന്യവും മഴക്കാല പൂർവ്വ മുൻകരുതലുകളുമെല്ലാം ജനപ്രതിനിധികൾ കുടുംബാംഗങ്ങളോട് വിശദീകരിച്ചു. വരും നാളുകളിലും ഈ ബോധവത്കരണ പരിപാടി വാർഡ് തലത്തിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കുമാരമംഗലം, പുറപ്പുഴ, മറയൂർ. ആലക്കോട്, മുട്ടം ചക്കുപള്ളം, നെടുങ്കണ്ടം, കരുണാപുരം, കാഞ്ചിയാർ, രാജകുമാരി, സേനാപതി,ഉടമ്പന്നൂർ, ഉടുമ്പഞ്ചോല, രാജാക്കാട്, രാജകുമാരി, കാന്തല്ലൂർ, മറയൂർ, ഉപ്പുതറ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഹരിതകർമ്മ സേനയെ ഉഷാറാക്കുന്നതിനായി ജനപ്രതിനിധികൾ രംഗത്തിറങ്ങിയത്.