തൊടുപുഴ: തൊടുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ ജന്മനക്ഷത്ര സംഭാവന സമാഹരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച കരയോഗ അംഗങ്ങളായ ജനപ്രതിനിധികൾക്കുള്ള സ്വീകരണവും എൻ.എസ്.എസ് യൂണിയൻ ഹാളിൽ ചേർന്നു. യോഗം യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.ബി. ധർമ്മാംഗദ കൈമൾ അദ്ധ്യക്ഷനായിരുന്നു. കരയോഗ അംഗങ്ങളായ 18 ജനപ്രതിനിധികളെ യൂണിയൻ പ്രസിഡന്റ് പൊന്നാട അണിയിച്ച് അനുമോദിച്ചു. എല്ലാ ജനപ്രതിനിധികളും സ്വീകരണത്തിന് നന്ദി പറഞ്ഞു. പ്രതിനിധി സഭാംഗം പി.എസ്. മോഹൻ ദാസ്, വനിതാ യൂണിയൻ പ്രസിഡന്റ് ജലജാ ശശി, വർക്കിംഗ് പ്രസിഡന്റ് സിന്ധുരാജീവ് എന്നിവർ ആശംസാ പ്രസംഗം നടത്തി. യൂണിയൻ സെക്രട്ടറി കെ.ആർ. ജയപ്രകാശ് സ്വാഗതവും വനിതാ യൂണിയൻ സെക്രട്ടറി പ്രസീദ സോമൻ നന്ദിയും പറഞ്ഞു.