തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയന്റെ കലാ സാംസ്‌കാരിക വേദിയായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ ജില്ലാ കലാജാഥ 'നേരറിവുകൾ' ഇന്ന് മുതൽ അഞ്ച് വരെ ജില്ലയിൽ പര്യടനം നടത്തും. സമകാലിക വിഷയങ്ങൾ കോർത്തിണക്കി വിവിധ വിഷയങ്ങൾ കലാജാഥയിലൂടെ അവതരിപ്പിക്കും. കലാ ജാഥ ഇന്ന് വൈകിട്ട് അഞ്ചിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് ആയില്യം ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ ഒമ്പതിന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് മുട്ടം, മൂലമറ്റം, ചെറുതോണി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് നാലരയ്ക്ക് ഇരട്ടയാർ സമാപിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഏലപ്പാറയിൽ നിന്ന് ആരംഭിച്ച് പീരുമേട്, വണ്ടിപ്പെരിയാർ, കുമളി എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി നെടുങ്കണ്ടത്ത് സമാപിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൂപ്പാറയിൽ നിന്ന് ആരംഭിച്ച് രാജാക്കാട്, മൂന്നാർ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി അടിമാലിയിൽ സമാപിക്കും.