കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ ഉദ്ഘാടനം ചെയ്യും
തൊടുപുഴ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് ഇന്ന് വൈകിട്ട് തൊടുപുഴയിൽ സ്വീകരണം നൽകും. വാഴക്കുളത്ത് നിന്ന് അഞ്ച് മണിയോടെ രണ്ടായിരത്തിലധികം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് വിജയയാത്ര ജില്ലയിലേക്ക് പ്രവേശിക്കുക. തൊടുപുഴ അമ്പലം ബൈപ്പാസ് വരെ ഇരുചക്രവാഹനത്തിന്റെ അകമ്പടിയിലെത്തുന്ന സംസ്ഥാന പ്രസിഡന്റ് കെ. സരേന്ദ്രനെ തുറന്ന വാഹനത്തിൽ പ്രവർത്തകർ സമ്മേളന നഗരിയിലേക്ക് പ്രകടനമായി ആനയിക്കും. യോഗ സ്ഥലത്ത് വെച്ച് പഞ്ചായത്ത്മണ്ഡലതല നേതാക്കൾ സ്വീകരണം നൽകും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷനാകും. കർണ്ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ, ജന. സെക്രട്ടറി പി. ശ്യാംരാജ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേഷ്, സി. കൃഷ്ണകുമാർ, പി. സുധീർ, ജോർജ് കുര്യൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ അഡ്വ. ജെ.ആർ. പത്മകുമാർ തുടങ്ങിയവർ സംസാരിക്കും. യോഗത്തിന് ശേഷം ജില്ലയിലെ പൗരപ്രമുഖരുമായി കെ. സരേന്ദ്രൻ കൂടിക്കാഴ്ച നടത്തും.