തൊടുപുഴ: ജില്ലയിൽ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുറ തെറ്റാതെ ഉയരുന്ന വിവാദമാണ് ഇരട്ട വോട്ട്. തദ്ദേശതിരഞ്ഞെടുപ്പിലെ പോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴും അതിർത്തി മേഖലകളിൽ വീണ്ടും ഇരട്ടവോട്ട് വിവാദം കൊഴുക്കുകയാണ്. തമിഴ്‌നാട് സ്വദേശികളായ ആറായിരത്തോളം പേർ അതിർത്തി മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ ആരോപണം. തോട്ടം മേഖല ഉൾപ്പെടുന്ന മണ്ഡലങ്ങളായ ഉടുമ്പൻചോല, പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളിലെ വോട്ടർപ്പട്ടികയിൽ അനർഹരായവർ കടന്നുകൂടിയിട്ടുണ്ടെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് ജില്ലാ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇരട്ട വോട്ടുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ ഘടകവും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ഒരേ ദിവസം തിരഞ്ഞെടുപ്പ് നടക്കുന്നതോടെ ഇരട്ടവോട്ടിന് തടയിടാനാകുമെന്നാണ് വിലയിരുത്തൽ.

ഇരട്ട വോട്ട് ഇങ്ങനെ

കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ കൈവശമുള്ളവരാണ് രണ്ടിടത്തും വോട്ടുചെയ്യുന്നത്. പീരുമേട്, ദേവികുളം ഉടുമ്പൻചോല എന്നീ താലൂക്കുകളിലാണ് ഇത്തരത്തിൽ ഇരട്ട വോട്ടർമാർ കൂടുതലായുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, തേനി തുടങ്ങിയ അസംബ്ലി മണ്ഡലങ്ങളോടും തേനി ലോക്‌സഭാ മണ്ഡലത്തോടും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ് ഇവ. രേഖകൾ രണ്ടു സംസ്ഥാനങ്ങളിലായതിനാൽ രണ്ടുവോട്ട് ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനും സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. ഏറ്റവും കൂടുതൽ ഇരട്ടവോട്ടുകൾ രേഖപ്പെടുത്താറുള്ളത് തദ്ദേശ തെരഞ്ഞെടുപ്പുകളിലാണ്.

എല്ലാ പാർട്ടികൾക്കും പങ്ക്

മൂന്നുമുന്നണികൾക്കും ഇവർക്കിടയിൽ സ്വാധീനമുണ്ട്. തോട്ടം തൊഴിലാളികളിൽ ഒട്ടുമിക്കവരും ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിൻബലത്തിലുള തൊഴിലാളി യൂണിയനുകളിൽ അംഗങ്ങളായിരിക്കും. ഇതേ രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് തമിഴ്‌നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്‌സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസത്തിൽ റേഷൻകാർഡും വോട്ടേഴ്‌സ് ഐഡിയും നേടിക്കൊടുക്കുന്നത്. ഇരട്ട വോട്ടർമാർ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കാനും ഇല്ലെങ്കിൽ പേരുചേർക്കാനും പ്രാദേശിക നേതാക്കൾ തന്നെയാണ് മുൻകൈയെടുക്കുന്നത്. ബൂത്ത് ലെവൽ ആഫീസർമാർ ഇടപെട്ട് ഇത്തരം വോട്ടർമാരെ കണ്ടെത്തുന്നുണ്ടെങ്കിലും നേതാക്കളുടെ സമ്മർദ്ദത്തിനു വഴങ്ങി ഉൾപ്പെടുത്തുകയാണ് പതിവ്. പാർട്ടികൾ സ്വന്തമായി ചെലവുകൾ വഹിച്ചാണ് ഇരട്ട വോട്ടർമാരെ കൊണ്ടുവരുന്നത്.

കോടതി ഇടപെട്ടിട്ടും പരിഹാരമില്ല

വർഷങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാൻ 2016ൽ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടിയുമുണ്ടായില്ല. ഉത്തരവ് വന്ന സമയത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തിയ പരിശോധനയിൽ നൂറുകണക്കിന് ഇരട്ടവോട്ടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ചുരുങ്ങിയ താലൂക്കുകളിൽ ഒതുങ്ങിയതിനാൽ മറ്റിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ അവസാനിച്ചു. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തയ്യാറാക്കിയ ലിസ്റ്റിലും നിരവധി തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളെ തിരുകിക്കയറ്റിയെന്ന പരാതി ഉയർന്നിരുന്നു.