
പുതിയ തലമുറ കാർഷിക വൃത്തിയോട് മുഖംതിരിച്ചു നിൽക്കുന്നത് സഹിക്കാത്ത ഈ അദ്ധ്യാപിക വലിയൊരു പരീക്ഷണം സ്വയം ഏറ്റെടുക്കുകയായിരുന്നു. കൃഷിയിടത്തിൽ ഏറ്റെടുക്കുന്ന ദൗത്യം ഒരിക്കൽ പരാജയപ്പെട്ടാലും തളർന്നുപോകരുത് എന്ന പക്ഷക്കാരിയാണ് ഈ മാതൃകാവനിത...
അദ്ധ്യാപനവും കാർഷികവൃത്തിയും ഒരുമിച്ചു കൊണ്ടുപോയി നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി മാറുകയാണ് കാസർകോട്, പുല്ലൂർ പെരിയ പഞ്ചായത്തിലെ സീമ രതീഷ്. വീടിനോട് ചേർന്നുള്ള രണ്ടര ഏക്കർ തോട്ടത്തിൽ 'ഷുഗർ ക്വീൻ" ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തണ്ണിമത്തൻ വിളയിച്ചെടുത്ത ആഹ്ലാദത്തിലാണ് സീമ. കഠിനാദ്ധ്വാനവും പ്രയത്നവും ആഗ്രഹങ്ങളും കൂടിച്ചേരുമ്പോൾ ഏത് കൃഷിയും കൂടെപോരുമെന്ന് തെളിയിക്കുകയാണ് രണ്ടുവർഷമായി കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപികയായ ഈ തേരാളി.
പുതിയ തലമുറ കാർഷിക വൃത്തിയോട് മുഖംതിരിച്ചു നിൽക്കുന്നത് സഹിക്കാത്ത ഈ അദ്ധ്യാപിക വലിയൊരു പരീക്ഷണം സ്വയം ഏറ്റെടുക്കുകയായിരുന്നു. കൃഷിയിടത്തിൽ ഏറ്റെടുക്കുന്ന ദൗത്യം ഒരിക്കൽ പരാജയപ്പെട്ടാലും തളർന്നുപോകരുത് എന്ന പക്ഷക്കാരിയാണ് ഈ മാതൃകാവനിത. എത്ര കടുത്ത വെല്ലുവിളികൾ ഏത് രംഗത്ത് നേരിട്ടാലും ' മുന്നോട്ട് വച്ച കാൽ പിറകോട്ട് വലിക്കരുത് " എന്ന പ്രതിജ്ഞയോടെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന സീമയുടെ ഉദ്യമത്തിന്റെ കൂടെ നിൽക്കുകയായിരുന്നു മീങ്ങോത്തെ മണ്ണ്. പഴങ്ങളിലും പച്ചക്കറികളിലും മായം ചേർത്ത് മനുഷ്യരെ രോഗങ്ങൾക്ക് അടിമയാക്കുന്ന പുതിയകാലത്തെ ചൂഷണ വ്യവസ്ഥക്കെതിരെ നിലപാടെടുക്കുന്ന ഈ അദ്ധ്യാപിക കീടനാശിനികളെയും രാസവസ്തുക്കളെയും പടിക്കു പുറത്തു നിർത്തി പൂർണമായും ജൈവവളം നൽകിയാണ് മണ്ണിൽ കനകം വിളയിച്ചത്. മീങ്ങോത്തെ രണ്ടുസ്ഥലങ്ങളിലായുള്ള തോട്ടത്തിൽ 'ഷുഗർ ക്വീൻ" ഇനത്തിലുള്ള തണ്ണിമത്തന്റെ 7000 ചുവടുകളിലാണ് സീമ രതീഷ് വിത്തിട്ടത്.
മാംസളമായതും വിത്ത് കുറവുള്ളതുമായ ഇനത്തിൽപ്പെടുന്നതാണ് ഷുഗർ ക്വീൻ. നീർവാർച്ചയുള്ളതും നല്ല സൂര്യപ്രകാശം കിട്ടുന്നതുമായ പ്രദേശമാണ് കൃഷിക്ക് പറ്റിയ സ്ഥലം. അത് മീങ്ങോത്തെ തോട്ടത്തിൽ ഇഷ്ടം പോലെയുണ്ടായി. 30 ടൺ വിളവ് പ്രതീക്ഷിച്ചുകൊണ്ട് 60 ദിവസം കൊണ്ട് വിളവെടുക്കുന്ന വിധത്തിലാണ് വിത്തുവിതച്ചത്. 50 ഗ്രാമിന്റെ ഒരു പാക്കറ്റിന് 3000 രൂപ വിലവരുന്ന ഈയിനം വിത്തിന്റെ ഏഴ് പാക്കറ്റുകൾ കൃഷിക്കായി ഉപയോഗിച്ചു. മൂന്ന് മുതൽ നാല് കിലോവരെയാണ് ഒരു തണ്ണിമത്തന്റെ തൂക്കം ഉണ്ടാവുക. എന്നാൽ സീമയുടെ പാടത്ത് വിളഞ്ഞ തണ്ണിമത്തന് അഞ്ചര കിലോവരെ തൂക്കം ലഭിച്ചു. 'ഓപ്പൺ പ്രിസിഷൻ" ഹൈടെക്ക് ഫാമിംഗ് രീതി അവലംബിച്ചാണ് കൃഷി ചെയ്തത്. ആറു ലക്ഷത്തോളം രൂപ ചെലവായെങ്കിലും ആദ്യവിളവെടുപ്പിൽ തന്നെ മുടക്കുമുതൽ ലഭിക്കുമെന്നതിന്റെ സന്തോഷവും ഇവർ പങ്കിടുന്നു. മാർക്കറ്റിൽ വിപണി കണ്ടെത്തുന്ന പ്രയാസവും ഈ ഇനത്തിൽപ്പെട്ട തണ്ണിമത്തന് ഉണ്ടാകില്ലെന്നതാണ് പ്രത്യേകത. ചൂടുകാലത്ത് ഉണ്ടാകുന്ന ഉഷ്ണരോഗങ്ങളെ ചെറുക്കൻ ശേഷിയുള്ള, ആവശ്യക്കാർ തേടിവരുന്ന ഇനമായതിനാൽ സുലഭമായി വിറ്റഴിയും. നാടൻ വിപണി, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക കടകൾ വഴിയും കിലോയ്ക്ക് 30 രൂപ നിരക്കിൽ തണ്ണിമത്തൻ വിൽക്കാൻ കഴിയും.

അച്ഛൻ തെളിച്ച വഴിയേ...
മീങ്ങോത്തെ ആദ്യകാല കർഷകൻ കളത്തിൽ മാധവൻ നായരുടെയും വിലാസിനി അമ്മയുടെയും മൂന്ന് മക്കളിൽ മൂത്ത മകളാണ് സീമ. 20 വർഷങ്ങൾക്ക് മുമ്പ് ഇതേ തോട്ടത്തിൽ അച്ഛൻ തണ്ണിമത്തൻ കൃഷി ചെയ്തിരുന്നു. റബ്ബർ, കവുങ്ങ്, നാളികേരം, വാഴ, നെല്ല് കൃഷികളെല്ലാം ചെയ്തിരുന്ന കുടുംബത്തിലെ കണ്ണിയാണ്. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് അച്ഛനും അമ്മയും കൃഷി ചെയ്യുന്നത് കണ്ടറിഞ്ഞു നിന്നതിന്റെ ഓർമ്മകൾ ടീച്ചറുടെ മനസിൽ എന്നും ഉണ്ടായിരുന്നു. 2003 ൽ വിവാഹത്തിന് ശേഷം മാഹി അഴിയൂർ ഗവ. ഹൈസ്കൂൾ, മാഹി കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളിൽ അദ്ധ്യാപികയായിരുന്നപ്പോഴും ഒരു വർഷം മുമ്പ് പി.എസ്. സി നിയമനം കിട്ടി സ്വന്തം ജില്ലയിലെ കുമ്പള ജി.എച്ച്.എസ്. എസിൽ അദ്ധ്യാപിക ആയപ്പോഴും അച്ഛന്റെ പാത എന്തു കൊണ്ട് പരീക്ഷിച്ചുകൂടാ എന്ന ചിന്ത ടീച്ചറിൽ രൂഢമൂലമായി. അസുഖം മൂലം അച്ഛൻ നാലുവർഷം മുമ്പ് വിട്ടുപോയെങ്കിലും അച്ഛന്റെ കാർഷിക സ്വപ്നങ്ങൾ മുറുകെപ്പിടിച്ചാണ് സ്കൂൾ ജീവിതത്തോടൊപ്പം കൃഷിയിടത്തിലേക്കും ഉറച്ച കാൽവയോപ്പോടെ ഇറങ്ങിയത്. ആദ്യപരീക്ഷണം തന്നെ വിജയകരമായി. വർഷങ്ങളായി പരിചയമുള്ള സുഹൃത്ത് ആലപ്പുഴ മാരാരിക്കുളത്തെ ജൈവ കർഷകനും ഫാം ഉടമയുമായ ടി. ആർ. നിഷാദിന്റെ സാങ്കേതികസഹായം കൂടിയായതോടെ ടീച്ചറുടെ കാർഷിക സ്വപ്നങ്ങൾ പൂത്തുലഞ്ഞു. സ്കൂളിൽ പോകുമ്പോൾ ദിവസവും രാവിലെയും വൈകുന്നേരവും കൃഷിയിടത്തിലാണ് ടീച്ചർ ഉണ്ടാവുക. സഹോദരൻ കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ ലൈബ്രേറിയൻ മനോജ് കുമാറും അനുജത്തി കാഞ്ഞങ്ങാട് കെ.എസ്.എഫ്. ഇയിലെ ജീവനക്കാരി സ്മിതയും നാട്ടുകാരായ ദാക്ഷായണിയും ഇന്ദിരയും നിഷയും വിജിത്തും തോട്ടത്തിൽ ടീച്ചർക്ക് കൈത്താങ്ങായുണ്ട്. പ്രിയപ്പെട്ട ടീച്ചറുടെ കാർഷിക സ്വപ്നങ്ങളുടെ 'കട്ട ഫാനായി" നാട്ടുകാരും കുട്ടികളും ഒപ്പംചേരുന്നു.
വെള്ളവും വളവും നൽകാൻ
നവീന മാതൃക
കീടനാശിനികളും രാസവസ്തുക്കളും പൂർണ്ണമായും ഉപേക്ഷിച്ചാണ് കൃഷി ചെയ്തത്. ചാണകപ്പൊടി, കോഴിവളം, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാരം, കുമ്മായം എന്നിവയാണ് അടിവളമായി ചേർത്തത്. ഓർഗാനിക്ക് വളങ്ങൾ ഡ്രിപ്പ് വഴി നൽകിയാണ് തണ്ണിമത്തൻ ചെടികൾ വളർത്തിയെടുത്തത്. ആവശ്യമായ വെള്ളവും വളവും ഒരുമിച്ചു ഡ്രിപ്പ് വഴി നൽകാൻ ആധുനിക സംവിധാനം തോട്ടത്തിലെ കുളത്തിൽ ഒരുക്കിയിരുന്നു. തോട്ടത്തിൽ വരമ്പുകൾ ഉണ്ടാക്കി ഈ 'ഫെർട്ടിഗേഷൻ യൂണിറ്റ്" വഴി സൂക്ഷ്മമൂലകങ്ങളും നൽകിയാണ് കൃഷി പൂർത്തിയാക്കിയത്. ഇന്നത്തെ കാലഘട്ടത്തിൽ കൃഷിപ്പണിക്ക് ആളുകളെ കിട്ടാത്ത പ്രശ്നം നിലനിൽക്കുന്നതിനാൽ ആ തടസം ഒഴിവാക്കാനാണ് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തെ അവലംബിച്ചതെന്ന് സീമ ടീച്ചറുടെ ഭർത്താവ് രതീഷ് നിലാതിയിൽ പറയുന്നു.
വടകര ടൗണിനടുത്ത എടോടി സ്വദേശിയായ ഭർത്താവ് രതീഷ് നിലാതിയിലും ഏകമകൻ പ്ലസ് വൺ വിദ്യാർത്ഥിയായ വിഷ്ണുദേവും സീമ ടീച്ചറെ കൃഷിയിൽ സഹായിക്കാൻ എന്നും ഒപ്പമുണ്ട്. ശ്രീ ശ്രീ രവിശങ്കറുടെ ആർട്ട് ഓഫ് ലിവിംഗിന്റെ സജീവ പ്രവർത്തകരാണ് രതീഷും സീമയും. ശ്രീ ശ്രീയുടെ മഠത്തിന്റെ ആഭിമുഖ്യത്തിൽ ഏതാനും വർഷം മുമ്പ് ലക്ഷ്മിതരു വ്യാപകമായി നട്ടുവളർത്തുന്നതിന്റെ ഭാഗമായി ഭർത്താവിന്റെ വടകരയിലെ വീട്ടിൽ ആയിരകണക്കിന് തൈകൾ എത്തിക്കുകയും വടകരയിലെയും മീങ്ങോത്തെയും നാട്ടുകാർക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ടീച്ചറുടെ ആ ഉദ്യമം ഏറെ കർഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാർഷിക മേഖലയിലെ മാതൃകാപരമായ പ്രവർത്തനത്തിന് നാട്ടുകാരിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും ഇതിനകം ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.