കാസർകോട്: ബന്തിയോട് അടുക്കയിൽ ഷെഡ്ഡുകെട്ടുന്നതിനെ ചൊല്ലി തർക്കവും ഉന്തും തള്ളും. വിവരമറിഞ്ഞെത്തിയ പൊലീസ് കൂട്ടം കൂടി നിന്നവരെ ലാത്തിവീശി വിരട്ടിയോടിച്ചു. 50 പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. അടുക്കയിലെ ഒരു ക്ലബ്ബിന് കീഴിൽ ക്ഷേത്രത്തിന്റെ മതിലിനോട് ചേർന്ന് ഷെഡ്ഡ് കെട്ടുന്നതിനെ ചൊല്ലിയാണ് തർക്കവും ഉന്തും തള്ളും ഉണ്ടായത്. വൈകിട്ട് 6 മണിയോടെ ഒരു സംഘം ആളുകൾ ഷെഡ്ഡ് പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ക്ലബ്ബ് പ്രവർത്തകരുമായി ഏറ്റുമുട്ടുകയായിരുന്നു. എസ്.ഐ എ. സന്തോഷ്‌കുമാറിന്റെ പരാതിയിലാണ് കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത്.