
കാഞ്ഞങ്ങാട്: പൊന്നും വില കൊടുത്ത് നാടൻ പശുവിന്റെ ചാണകം വിൽക്കപ്പെടുന്ന നാട്ടിൽ, പതിനാറുകാരിയുടെ ഗവേഷണ ഫലം ശ്രദ്ധയമാകുന്നു. നാടൻ പശുവിനേക്കാൾ വളക്കൂറുള്ള ചാണകം വിദേശ പശുവിന്റേതാണെന്ന കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അരുണിമയുടെ കണ്ടെത്തലാണ് വിഷയം. പൊന്നും വില കൊടുത്ത് നാടൻ പശുവിന്റെ ചാണകം വിൽക്കപ്പെടുന്ന നാട്ടിൽ, ഗവേഷണ ഫലം വ്യാപക ശ്രദ്ധ നേടി. സർവ ശിക്ഷ അഭിയാന്റെ ശാസ്ത്രപഥം മത്സരത്തിൽ കാസർകോട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധിക്കപ്പെട്ടതോടെ, ഗവേഷണത്തിനെതിരെ അരയും തലയും മുറുക്കി രംഗത്ത് വന്നിരിക്കുകയാണ് കർഷകർ. ഇതോടെ സോഷ്യൽമീഡിയയിലടക്കം ഗൗരവമേറിയ ചർച്ചകളാണ് നടക്കുന്നത്.
സ്വന്തം വീട്ടിൽ നിയന്ത്രിത സാഹചര്യത്തിലാണ് അരുണിമ പഠനം നടത്തിയത്. രണ്ട് മാസത്തോളം നീണ്ട പഠനം പൂർണതയിലെത്താൻ വിളവെടുപ്പ് കൂടി കഴിയണം. ചെടികളുടെ വളർച്ചയുടെ ഘട്ടത്തിൽ തന്നെ ജഴ്സി പശുവിന്റെ ചാണകമിട്ട ചെടികൾ നാടൻ പശുക്കളുടെ ചാണകത്തെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.
പുല്ലൂർ പൊള്ളക്കട സ്വദേശിയാണ് അരുണിമ. സ്‌കൂളിൽ നിന്ന് റിസർച് പ്രൊജക്ട് ചെയ്യണമെന്ന് നിർദ്ദേശം ലഭിച്ചപ്പോൾ അമ്മ ശോഭയുടെ സുഹൃത്ത് കൂടിയായ കേരള കേന്ദ്ര സർവകലാശാലയിലെ പ്ലാന്റ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജാസ്മിൻ എം. ഷായുടെ സഹായം തേടി. അവിടെ നിന്നാണ് വിവിധ ഇനം പശുക്കളുടെ ചാണകത്തിലെ ഗുണമേന്മയെന്ന വിഷയം പ്രബന്ധ വിഷയമായി സ്വീകരിച്ചത്. പഠനം വളരെ ലളിതമായിരുന്നു. പയർ, വെണ്ട, കടുക് എന്നിവയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.