shema

കണ്ണൂർ: രാഷ്ട്രീയത്തിൽ പല അത്ഭുതങ്ങളും സംഭവിച്ചിട്ടുണ്ട്. അത് ഇനിയും അവർത്തിക്കുമെന്നും എ.ഐ.സി.സി വക്താവ് ഷമാ മുഹമ്മദ് പറ‌ഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് മത്സരിക്കാൻ പാർട്ടി പറഞ്ഞാൽ തയ്യാറാണ്. താൻ മത്സരരംഗത്തെത്തുന്നതോടെ അനായാസ ജയമെന്ന കണക്കുകൂട്ടൽ അസ്ഥാനത്താകും. ഇക്കാര്യത്തിലുള്ള പല പ്രതികരണങ്ങളും കാണിക്കുന്നത് സി.പി.എമ്മിന് ഭയമുണ്ടെന്നതാണെന്ന് 'കേരളകൗമുദി ഫ്ളാഷി"ന് അനുവദിച്ച അഭിമുഖത്തിൽ ഷമ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിൽ എനിക്ക് താത്പര്യമുണ്ട്. പാർട്ടി പറഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഡൽഹി രാഷ്ട്രീയത്തിൽ സജീവമായ എനിക്ക് സ്വന്തം നാട്ടിൽ പ്രവർത്തിക്കാൻ അവസരം കിട്ടുന്നത് വലിയ ഭാഗ്യമായാണ് കാണുന്നത്- ഷമ പറഞ്ഞു.

സി.പി.എമ്മിനെയും പിണറായി വിജയനെയും സമ്മർദ്ദത്തിലാക്കാൻ കഴിയുന്ന സ്ഥാനാർത്ഥി എന്ന നിലയിലാണ് കോൺഗ്രസ് ഷമയുടെ പേര് പരിഗണിക്കുന്നത്. ഇത്തവണ താൻ മത്സരിക്കില്ലെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം കൂടിയായ മമ്പറം ദിവാകരൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കോൺഗ്രസ് പുതുമുഖത്തെ ഇറക്കുന്നത്. കോൺഗ്രസ് ദേശീയ വക്താവായ ഷമാ മുഹമ്മദ് മാഹി ചെറുകല്ലായി സ്വദേശിനിയാണ്. എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി വേണുഗോപാൽ ഇതുസംബന്ധിച്ചു ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ അനുമതിയോടെയാണ് ഷമ കേരളത്തിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. കോൺഗ്രസിന്റെ തീപ്പൊരി പ്രസംഗകയും വനിതാ നേതാവുമായ ഷമ, രാഹുൽ ബ്രിഗേഡിലെ പ്രധാന അംഗങ്ങളിലൊരാളാണ്. ടോം വടക്കൻ വക്താവ് സ്ഥാനത്തു് നിന്ന് മാറി ബി.ജെ.പിയിൽ ചേർന്നതോടെ പകരമെത്തിയ വക്താക്കളിലൊരാളാണ് ഷമ. പൂനെയിൽ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം താമസിക്കുന്ന ഇവർ ഡൽഹി കേന്ദ്രീകരിച്ചാണ് ഏറെക്കാലമായി പ്രവർത്തിച്ചുവരുന്നത്. കെ.എസ്.യു പ്രവർത്തകയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. പിന്നീട് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയുടെ മുൻനിര നേതാക്കളിലൊരാളായി. മംഗളൂരു യേനപ്പോയ ഡന്റൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഷമ പ്രാക്ടീസിനും സമയം കണ്ടെത്തുന്നുണ്ട്.