road
പുന്നാട് - മീത്തലെ പുന്നാട് റോഡ് വീതി കൂട്ടലുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുക, റോഡ് ഉടൻ ഗതാഗത യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പുന്നാട് സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നടത്തിയ പ്രതിഷേധ ധർണ

പുന്നാട്: കണ്ണൂർ വിമാനത്താവളത്തിലേക്ക് മലയോര മേഖലയിൽ നിന്ന് എളുപ്പവഴിയായ കാക്കയങ്ങാട് - മീത്തലെ പുന്നാട് -പുന്നാട് റോഡ് പ്രവൃത്തി നീളുന്നു. രണ്ട് റീച്ചുകളിലായി മൂന്ന് കിലോമീറ്റർ റോഡ് ടാറിംഗ് പ്രവൃത്തിയാണ് നടക്കുന്നത്. ഇതിൽ ഒന്നാംഘട്ട ടാറിംഗ് പ്രവൃത്തി മീത്തലെ പുന്നാട് ഭാഗത്ത് പൂർത്തിയായെങ്കിലും പുന്നാട് മുതൽ മീത്തലെ പുന്നാട് വരെയുള്ള രണ്ടാം റീച്ച് റോഡ് പ്രവൃത്തി ഇപ്പോഴും ആരംഭിച്ചിട്ടില്ല.

റോഡ് വീതി കൂട്ടലുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കരാറുകാർ പ്രവൃത്തി നിർത്തിവെച്ച് ഒരാഴ്ചയോളമായി. ആദ്യം എട്ട് മീറ്ററിൽ റോഡ് പ്രവൃത്തി പാസായെങ്കിലും പിന്നീട് ജനകീയ കമ്മിറ്റി ഇടപെട്ട് 10 മീറ്ററാക്കുകയായിരുന്നു. റോഡിന് 10 മീറ്റർ വീതി പ്രവൃത്തിക്ക് ആവശ്യമായ സ്ഥലം വിട്ടുനൽകാൻ ഉടമകളുടെ വിസമ്മതമാണ് റോഡ് പ്രവൃത്തി നീളുന്നതിന് കാരണമായി പറയുന്നത്. എന്നാൽ 8 മീറ്ററിൽ ടാറിംഗ് നടത്താനാണ് ഫണ്ട് പാസായതെന്നാണ് മറുവാദം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രവൃത്തി നീണ്ടതോടെ തീരുമാനമാകാത്തതിനാൽ കരാറുകാർ പ്രവൃത്തി നിർത്തി. 3 കിലോമീറ്ററിൽ 2 കിലോമീറ്ററോളം പ്രവൃത്തി ഇതിനകം പൂർത്തിയായി. മൂന്ന് കോടി രൂപയോളം ചെലവിട്ടു. സണ്ണി ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്നാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്.

അടിപടലം പൊടിപടലം

രാപ്പകൽ ഭേദമന്യേ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടഭീഷണിയായി റോഡരികിലെ കുഴികളും പൊടിശല്യവും രൂക്ഷമാണ്. പ്രവൃത്തി പാതിവഴിയിൽ ആയപ്പോൾ യാത്രക്കാർക്കും കച്ചവട സ്ഥാപനങ്ങൾക്കും ഏറെ പ്രയാസമാണ്. പുന്നാട് ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വീതികൂട്ടലിനു വേണ്ടി സ്ഥലം എടുത്തതു മൂലം ടൗണിലെ യാത്രക്കാർക്കും ടൗണിൽ എത്തുന്നവർക്കും കൂടി പ്രയാസമായിരിക്കുകയാണ്. പ്രവൃത്തി പാതിവഴിയിലായതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിഷേധവുമായി സമരരംഗത്തിറങ്ങിയിരിക്കുകയാണ്.