sector

കണ്ണൂർ: സെക്ടർ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം വീണ്ടും തുടങ്ങിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി. തുടക്കത്തിൽ സെക്ടർ മജിസ്ട്രേറ്റുമാരുടെ ഇടപെടൽ മൂലം നല്ലനിലയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ കഴിഞ്ഞിരുന്നു. കേസുകളുടെ എണ്ണവും ഗണ്യമായ തോതിൽ കൂടിയിരുന്നു. എന്നാൽ ഇവരുടെ പ്രവർത്തനം രണ്ടാഘട്ടത്തിൽ തുടങ്ങിയെങ്കിലും കേസുകളുടെ എണ്ണം കുറയുകയാണ് ചെയ്യുന്നത്. മജിസ്ട്രേറ്റുമാരിൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാകുന്നത് കേസെടുക്കാൻ കഴിയാതെ പോവുകയാണ്. ഭരണാനുകൂല രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളാണ് പ്രധാനമായും മജിസ്ട്രേറ്റുമാരെ സമ്മർദ്ദത്തിലാക്കുന്നത്. നേരെ മറിച്ച് തങ്ങൾക്ക് ഇഷ്ടമല്ലാത്തവരുടെ വീടുകളിലും മറ്റും നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റ് ആഘോഷങ്ങൾ എന്നിവ കണ്ടെത്തി കേസെടുക്കാൻ നിർബന്ധിക്കുന്നുമുണ്ട്. ഗ്രാമങ്ങളിൽപോലും ചടങ്ങുകൾ നടത്തണമെങ്കിൽ ഭരണാനുകൂലികളുടെ ആളാകണം എന്നതാണ് പുതിയ അവസ്ഥ. ഇതാകട്ടെ പലപ്പോഴും ഉദ്യോഗസ്ഥരുമായി തർക്കത്തിനും കാരണമാകുന്നുണ്ട്. ചടങ്ങുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുമ്പോൾ, പരിസരത്ത് മുൻ ദിവസങ്ങളിൽ നടന്ന ജനബാഹുല്യം ചൂണ്ടികാട്ടിയാണ് പലരും പ്രതിരോധിക്കുന്നത്. ഇതാകട്ടെ പലപ്പോഴും പ്രതിരോധത്തിലാക്കുന്നത് സെക്ടർ മജിസ്ട്രേറ്റുമാരെയാണ്. പ്ളസ് ടു അദ്ധ്യാപകർ, എക്സൈസ് ഓഫീസർ, കൃഷി ഓഫീസർമാർ തുടങ്ങി ക്ളാസ് വൺ റാങ്കിലുള്ള ഗസറ്റഡ് ഉദ്യോഗസ്ഥരെയാണ് സെക്ടർ മജിസ്ട്രേറ്റുമാരായി നിയമിച്ചിട്ടുള്ളത്.