ഇരിട്ടി: ഇനി പരസഹായമില്ലാതെ നടക്കാനാവുമെന്നതിന്റെ ആഹ്ലാദത്തിലാണ് ആദിദേവ്. ജന്മനാ കാലിനു ശേഷിക്കുറവുള്ള ആദിദേവിന് നടക്കാനുള്ള ഉപകരണം നൽകാൻ ഇരിട്ടിയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ തീരുമാനമായതോടെയാണ് ഈ ആറുവയസുകാരന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞത്. ഇങ്ങനെ ഒരു അദാലത്തിന് നിർദ്ദേശം നൽകിയവർക്ക് മനസ്സറിഞ്ഞു നന്ദി പറയുകയാണ് ഈ കുരുന്ന്.
പെരിങ്കരി സ്വദേശികളായ എൻ.സുബിന- അനീഷ് ദമ്പതികളുടെ മകനാണ് ആദിദേവ്. ആദിദേവിന്റെ പരാതി കേട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ സാമൂഹ്യ സുരക്ഷാ മിഷൻ വഴി ഉപകരണം അനുവദിക്കാൻ ഉത്തരവ് നൽകുകയായിരുന്നു. പരസഹായം കൂടാതെ നടക്കാൻ സഹായകരമാകുന്ന എ.എഫ്.ഒ (ആങ്ക്ൾ ഫൂട്ട് ഓർത്തോസിസ്) എന്ന ഉപകരണമാണ് ആദിദേവിന് ലഭിക്കുക. കഴിഞ്ഞ അഞ്ചുവർഷമായി സെറിബ്രൽ പാൾസി വിഭാഗത്തിൽപ്പെട്ട രോഗത്തിന് ചികിത്സയിലാണ് ആദിദേവ്.
കൂലിപ്പണിക്കാരനായ അനീഷിന്റെ തുച്ഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. സ്വന്തമായി ഒരു തുണ്ട് ഭൂമിപോലും ഇവർക്കില്ല. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഏഴു ലക്ഷം രൂപ ഇതുവരെ ചെലവായിട്ടുണ്ട്. തുടർചികിത്സയ്ക്ക് മറ്റ് വഴികളില്ലാതെ നിൽക്കുന്ന സാഹചര്യത്തിലായിരുന്നു സഹായം തേടി അദാലത്തിലെത്തിയത്. തുടർ ചികിത്സയ്ക്ക് ആവശ്യമായ സഹായവും സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകാൻ മന്ത്രി നിർദേശിച്ചു. അപേക്ഷയിന്മേൽ അടിയന്തര നടപടിക്ക് നിർദേശം ലഭിച്ചതോടെ ഏറെ പ്രതീക്ഷയിലും സന്തോഷത്തിലുമാണ് കുടുംബം.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വിനോദിന് കൂടുതൽ തുക നഷ്ടപരിഹാരം
മൂന്ന് വർഷം മുമ്പ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മുഴക്കുന്ന് സ്വദേശി വിനോദിന് കൂടുതൽ തുക നഷ്ടപരിഹാരമായി നൽകാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിൽ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
വയറിംഗ് ജോലി ചെയ്താണ് വിനോദ് ഭാര്യയും രണ്ട് പെൺ മക്കളും അടങ്ങുന്ന കുടുംബം പുലർത്തിയിരുന്നത്. വിനോദ് ജോലി കഴിഞ്ഞു വരുന്ന വഴി പുലർച്ചെ വീടിനു സമീപത്ത് നിന്ന് ആനയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. കാലിനും വാരിയെല്ലിനും പരിക്കേറ്റ ഇദ്ദേഹത്തിന് ചികിത്സയ്ക്ക് മാത്രമായി ഇതുവരെ 16 ലക്ഷം രൂപ ചെലവായി. 1.10 ലക്ഷം രൂപയാണ് ആദ്യ തവണ സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചത്. കാലിനും നട്ടെല്ലിനും പരിക്കേറ്റത് കാരണം തൊഴിലും ചെയ്യാൻ പറ്റാതായി. നിരവധി തവണ പരാതി സമർപ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈയൊരു ഘട്ടത്തിലാണ് സാന്ത്വന സ്പർശം അദാലത്തിൽ പരാതി നൽകിയത്.