ഇരിട്ടി: ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങൾക്ക് സത്വര പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം മന്ത്രിമാരുടെ അദാലത്തിന് ജില്ലയിൽ തുടക്കമായി. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ് സാന്ത്വന സ്പർശം അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് നേരത്തേ ലഭിച്ച പരാതികളിൽ ഇതിനകം തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. അദാലത്തിൽ വച്ച് ലഭിക്കുന്ന പരാതികളിൽ സാധ്യമായവ ഇവിടെ വച്ചുതന്നെ പരിഹരിക്കും. കൂടുതൽ അന്വേഷണം ആവശ്യമുള്ളവ തുടർ നപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയ ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ കളക്ടർ ടി.വി സുഭാഷ്, എ.ഡി.എം ഇ.പി മേഴ്‌സി, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു. തലശ്ശേരി, കണ്ണൂർ താലൂക്കുകളുടെ അദാലത്ത് ഇന്ന് കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി സകൂളിലും തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളുടെ അദാലത്ത് നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്തും നടക്കും.

'മുൻഗണനാ കാർഡ് വേണം'
സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് 68 അപേക്ഷകളാണ് ഓൺലൈനായി ലഭിച്ചത്. നിലവിലുള്ള റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ഇവയിൽ അടിയന്തര പ്രാധാന്യമുള്ള ഏഴ് അപേക്ഷകൾ പരിഗണിച്ച് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. മറ്റ് 26 കാർഡുടമകളുടെ അപേക്ഷകൾ സിവിൽ സപ്ലൈസ് ഡയറക്ടറുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.