
കണ്ണൂർ: പൊടിക്കുണ്ട് രാജേന്ദ്ര നഗർ ഹൗസിംഗ് കോളനിയിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കഥാകൃത്ത് ടി.പത്മനാഭൻ വീട്ടിലേക്ക് ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിനിടയിൽ പറഞ്ഞു. ''പട്ടികളെ സൂക്ഷിക്കണം, പക്ഷേ, അവ ഒന്നും ചെയ്യില്ല. പാവങ്ങൾ, സമാധാന പ്രിയരാണ്. കയറി വന്നോളൂ.''.. താരിഖ് അൻവർ സ്വീകരണമുറിയിലെത്തി.
''ഞാൻ എന്നും കോൺഗ്രസുകാരനാണ്. മരിച്ചാൽ ത്രിവർണപതാക പുതപ്പിക്കണം 1940ൽ ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തിസത്യാഗ്രഹത്തിൽ പത്താമത്തെ വയസിൽ പങ്കെടുത്തയാളാണ്'' - ടി.പത്മനാഭൻ പറഞ്ഞു.
കെ.പി.സി.സി.യുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിക്കുന്ന 'പ്രതിഭാദരം' ചടങ്ങിന്റെ ഉദ്ഘാടനത്തിനായാണ് താരിഖ് അൻവറും കോൺഗ്രസ് നേതാക്കളും ടി.പത്മനാഭന്റെ വീട്ടിലെത്തിയത്. ഉച്ചയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ താരീഖ് അൻവർ യാത്രോദ്ദേശ്യം പത്മനാഭനോട് പങ്കുവച്ചു. ''കോൺഗ്രസ് ജയിക്കുമോ, എനിക്ക് അത്ര വിശ്വാസം പോര'' എന്നാണ് ടി.പത്മനാഭൻ പറഞ്ഞത്. ''ഞങ്ങൾ നന്നായി പരിശ്രമിക്കുന്നു'' എന്നു താരീഖ് അൻവർ ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയെകുറിച്ചും താരീഖ് അൻവർ പത്മനാഭനോട് പറഞ്ഞു.
എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ, ഡി.സി.സി പ്രസിഡന്റ് സതീശൻപാച്ചേനി,കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി അനിൽകുമാർ, പ്രതിഭാദരം കോ ഓർഡിനേറ്റർ എം.എ. ഷഹനാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.