praseetha
പ്രസീത പേപ്പർപേന നിർമ്മാണത്തിൽ

ചെറുവത്തൂർ: പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയില്ല 35കാരിയായ ചെറുവത്തൂരിലെ പ്രസീതയ്ക്ക്. നിർമ്മാണത്തിന്റെ പാതിവഴിയിൽ നിൽക്കുന്ന വീട്ടിലെ കിടക്കയിൽ തളർന്നുകിടക്കുന്ന ഇവർ പേന നിർമ്മിച്ച് ജീവിതവൃത്തിയ്ക്കുള്ളതു കണ്ടെത്താനുള്ള ശ്രമത്തിലാണ്. പ്രകൃതിസൗഹൃദമായ പേന വാങ്ങാൻ മനസുവച്ചാൽ പ്രസീതയുടെ അതിജീവനശ്രമത്തിനുള്ള കൈയടിയാകും അത്.

2016-ൽ ചെറുവത്തൂർ ചെക്ക് പോസ്റ്റിനടുത്ത ഹൈവെയിൽ ഓട്ടോയിടിച്ചാണ് കുടുംബശ്രീ പ്രവർത്തകയായ കാരക്കൊടി ശ്രീനിലയിൽ പ്രസീതയുടെ നട്ടെല്ലിന് പരിക്കേറ്റത്. നാലുവർഷം വിദഗ്ദ്ധ ചികിത്സയടക്കം നൽകിയെങ്കിലും ഇതുവരെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

അമ്മയുടെ പെട്ടിക്കടയിൽ നിന്നുള്ള ചെറുവരുമാനവും ഡ്രൈവറായ ഭർത്താവിന്റെ വരുമാനവും കൊണ്ടായിരുന്നു പ്രസീതയുടെ ചികിത്സയടക്കം മുന്നോട്ടുപോയിരുന്നത്. കൊവിഡ് പ്രതിസന്ധി വന്നതോടെ പെട്ടിക്കട തുറക്കാൻ പറ്റാതായി. പ്രസീതയുടെ ദൈനംദിനകാര്യങ്ങൾക്ക് ആള് വേണമെന്നതിനാൽ ഭർത്താവ് സുരേഷിന് ജോലിക്കു പോകാനും പറ്റാതായി. ജീവിതം ഇരുട്ടിലായെന്ന് വിചാരിച്ചുനിൽക്കുമ്പോഴാണ് ഒരു ആനുകാലിക പ്രസിദ്ധീകരണത്തിൽ പേപ്പർ പേന നിർമ്മാണത്തിൽ പ്രസീതയുടെ മനസ്സുടക്കിയത്. പഴയ പത്രക്കടലാസുകൾ മുറിച്ചെടുത്ത് ആരംഭിച്ച പരിശീലനം അധികം വൈകാതെ ഇവരെ പേപ്പർപേന നിർമ്മാണ വിദഗ്ദ്ധയാക്കി. ജോലിയും കൂലിയുമില്ലാതെ കഴിയുന്ന ഭർത്താവ് ഇവ വിൽക്കാൻ ഇറങ്ങിയതോടെ ചെറിയൊരു ആശ്വാസമായി. ഉപയോഗിച്ച് കഴിഞ്ഞ് വലിച്ചെറിഞ്ഞാൽ പ്ലാസ്റ്റിക് ബാൾപേന പോലെ പരിസ്ഥിതിക്ക് പരുക്കേൽക്കില്ലായെന്നത് പേപ്പർ പേനയുടെ ഗുണം. വിദ്യാലയങ്ങളും വിദ്യാർത്ഥിസമൂഹവും മനസ്സുവെച്ചാൽ തളർന്നുകിടക്കുന്ന ഈ യുവതിക്കും കടുംബത്തിനും വലിയൊരു സഹായവുമാകും. പ്രസീതയുടെ ഫോൺ നമ്പർ: 9947890151.