തളിപ്പറമ്പ്: വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ ബൈക്ക് വേലി കൊണ്ട് പൊറുതിമുട്ടിയ വ്യാപാരികൾ നിയന്ത്രണ രക്ഷാരേഖ വരച്ചു. ന്യൂസ് കോർണർ മുതൽ മൂത്തേടത്ത് ഹൈസ്കൂൾ വരെ ഉള്ള റോഡിൽ ആണ് വ്യാപാരികൾ പാർക്കിംഗ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഷോപ്പിനു മുന്നിൽ ബൈക്കുകൾ ഒന്നിനരികിൽ ഒന്നായി മൂന്നോളം വരികളിൽ നിർത്തിയിടുന്നതാണ് വ്യാപാരികളെയും കാൽനട യാത്രക്കാരെയും വലയ്ക്കുന്നത്. റോഡിന് പകുതിയോളം വരെ വാഹനങ്ങൾ നീളാറുമുണ്ട്. ഈ വേലികെട്ട് കടന്ന് കടയിലേയ്ക്ക് സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ വരാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. നേരത്തെ മെയിൻ റോഡിൽ പാർക്കിംഗ് ഏരിയ രേഖപ്പെടുത്തിയിരുന്നത് റോഡ് നവീകരണത്തോടെ നശിച്ചിരുന്നു. ഇപ്പോൾ പൊലീസിന്റെ മേൽനോട്ടത്തിൽ വ്യാപാരികൾ ഇറങ്ങി പാർക്കിംഗ് നിയന്ത്രണ രേഖ വരച്ചിരിക്കുകയാണ്.
കാർ പാർക്കിംഗിനും ബൈക്ക് പാർക്കിംഗിനും വ്യത്യസ്ത ഇടങ്ങളാണ് ഉള്ളത്. മെയിൻ റോഡിലെ അനധികൃത പാർക്കിംഗ് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും വ്യാപാരികൾക്കും തടസമായതോടെയാണ് പൊലീസ് രംഗത്തിറങ്ങിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് മെയിൻ റോഡ് സബ് കമ്മറ്റി രേഖപ്പെടുത്തിയ പാർക്കിംഗ് സ്ഥലത്ത് മണിക്കൂറുകളോളം നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കും.
10 മിനുട്ട് നിർത്തിയിടാം
സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ മാർഗ തടസം സൃഷ്ടിക്കാതെ പത്ത് മിനുട്ട് വരെ നിർത്തിയിടാനാണ് അനുമതി. വ്യാപാരികളുടെ വാഹനങ്ങളും ഇവിടെ സ്ഥിരമായി നിർത്തിയിടാതിരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.