theyyam
അഭിജിത്ത് താൻ നിർമ്മിച്ച തെയ്യരൂപങ്ങളുമായി

പേരാവൂർ: ഉപയോഗശേഷം വലിച്ചെറിയുന്ന വസ്തുക്കളിൽ വർണംപകർന്ന് മനസിൽ നിറഞ്ഞാടുന്ന തെയ്യങ്ങളെ അഭിജിത്ത് ഒരുക്കുന്നതുകാണുമ്പോൾ വിശ്വാസികൾ കൈകൂപ്പിപ്പോകും. തെയ്യത്തെ കലയായി കാണുന്നവർ കണ്ണെടുക്കാതെ നോക്കിനിൽക്കും. അത്രയ്ക്ക് മനോഹരമാണ് ഈ പതിനേഴുകാരന്റെ കൈയടക്കം.

കൊവിഡ് അപഹരിച്ച ഉത്തരമലബാറിന്റെ തെയ്യക്കാലം പുനരാവിഷ്കരിക്കുകയാണ് അഭിജിത്ത്. മനസിൽ പതിഞ്ഞ തെയ്യങ്ങളുടെ മുഖത്തെഴുത്തും ആടയാഭരണങ്ങളുമെല്ലാം പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച് വർണ്ണങ്ങൾ പകരുകയായിരുന്നു. ഗുളികൻ, ശാസ്തപ്പൻ, ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി തുടങ്ങിയ വിശ്വാസികൾ കൈകൂപ്പുന്ന മിക്ക തെയ്യങ്ങളും അഭിജിത്ത് ഒരുക്കിയിട്ടുണ്ട്.

തെയ്യംകെട്ടിയാടുന്ന കുടുംബത്തിലാണ് അഭിജിത്തിന്റെ ജനനം. അമ്മൂമ്മ പറഞ്ഞുകൊടുത്ത തെയ്യംകഥകളും തോറ്റംപാട്ടുകളും മനസിൽ നിറഞ്ഞു. അച്ഛനും അമ്മാവന്മാരും തെയ്യക്കോലധാരികളാണ്. ഇവരുടെ സഹായിയായി ചെറുപ്പം മുതലേ അഭിജിത്ത് ഓരോരോ കാവുകളിലും സ്ഥലങ്ങളിലും പോയി തെയ്യത്തിന്റെ വ്യത്യസ്ത രൂപങ്ങളെ കൗതുകത്തോടെ പരിചയപ്പെട്ടിട്ടുണ്ട്.
പടുവിലായി വേരുകണ്ടി കാവിൽ ശാസ്തപ്പൻ കെട്ടിയാടി പ്രശംസ നേടിയിട്ടുമുണ്ട് അഭിജിത്ത്. അമ്മാവനായ വി.കെ. അനിൽകുമാറിന്റെ സഹായത്തോടെയാണിത്.

മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക അജിതയാണ് പാഴ്‌വസ്തുക്കളിൽ നിന്ന് വർണക്കാഴ്ചകളൊരുക്കുന്ന വിദ്യ പകർന്നുനൽകിയത്. പച്ചക്കറി കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് മുതൽ തെർമോക്കോൾ, പഴയ തുണികൾ തുടങ്ങി ഉപേക്ഷിച്ച പുസ്തകങ്ങൾ വരെ രൂപങ്ങളുടെ നിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുന്നു. ഫാബ്രിക് പെയിന്റ്, ഫെവിക്കോൾ തുടങ്ങിയ ചെറിയ സാധനങ്ങൾ മാത്രമാണ് വാങ്ങിയത്.

തില്ലങ്കേരി പള്ള്യത്തെ സി.കെ.രഞ്ജിത്തിന്റെയും അനിതയുടെയും മൂത്ത മകനാണ്. അശ്വനന്ദയാണ് സഹോദരി. ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അഭിജിത്ത്.