naduvil
നടുവിൽ ബസ് സ്റ്റാൻഡിന് നടുവിൽ നിർമ്മിച്ചിരിക്കുന്ന പൊതുയോഗ വേദി

ആലക്കോട്: ബസ് സ്റ്റാൻഡുകൾ ബസുകൾ കയറുന്നതിനും യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിനുമാണെന്നാണ് നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. ബസിൽ കയറാനെത്തുന്നവരുടെ സൗകര്യം മുൻനിറുത്തി കംഫർട്ട് സ്റ്റേഷൻ, ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങിയവയൊക്കെ ബസ് സ്റ്റാൻഡിനോടനുബന്ധിച്ച് ഉണ്ടാകാറുമുണ്ട്.
ഇനി നിങ്ങൾ നടുവിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലേയ്ക്ക് വരികയാണെന്നിരിക്കട്ടെ. അവിടെ നടക്കുന്ന പരിപാടികൾ മറ്റൊരിടത്തും കാണാൻ കഴിഞ്ഞെന്നുവരില്ല. അരയേക്കർ വരുന്ന ബസ് സ്റ്റാൻഡിനു നടുവിലായി കൂറ്റൻ സ്റ്റേജ് ഉയർന്നു നിൽക്കുന്നതു കാണാം. ഉച്ചഭാഷിണികളും കസേരകളും കൊണ്ട് ബസ് സ്റ്റാൻഡ് നിറഞ്ഞിട്ടുണ്ടാകും. വൈകുന്നേരം നടക്കുന്ന സമ്മേളനത്തിനായി രാവിലെ മുതൽ തന്നെ ബസുകളും യാത്രക്കാരും സ്റ്റാൻഡ് ഒഴിഞ്ഞു കൊടുക്കണം. കഴിഞ്ഞദിവസം മഹാത്മാ ഗാന്ധി രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പൊതുസമ്മേളനവും ബസ് സ്റ്റാൻഡിനു നടുക്ക് കൂറ്റൻ സ്റ്റേജ് നിർമ്മിച്ചാണ് നടത്തിയത്. കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് ഉൾപ്പെടെയുള്ളവർ ഈ പരിപാടിയിൽ പങ്കെടുക്കുകയുമുണ്ടായി.
ഏതെങ്കിലും ഒരു പാർട്ടിയോ സംഘടനയോ മാത്രമല്ല ഈ ബസ് സ്റ്റാൻഡ് കൈയേറുന്നത്. എല്ലാവർക്കും ആവശ്യാനുസരണം ഇവിടം വിട്ടുകൊടുക്കാൻ പഞ്ചായത്തിന് യാതൊരു മടിയുമില്ല. അതിനാൽ തന്നെ ഉത്തരവാദപ്പെട്ട ഒരു പാർട്ടിയും നേതാക്കളും ഇതിനെതിരെ ശബ്ദമുയർത്തുകയില്ല. പൊതുയോഗങ്ങൾക്കും മറ്റും അനുയോജ്യമായ മറ്റു സ്ഥലങ്ങൾ നടുവിലിൽ ഉണ്ടെങ്കിലും അവിടേയ്ക്ക് ആളുകളെ എത്തിക്കുക എളുപ്പമല്ല എന്നതിനാലാണ് ഈ കൈയേറ്റം തുടരുന്നത്.

പുറത്താകുന്നത് നൂറോളം സർവീസുകൾ
നടുവിൽ കിഴക്കേകവലയിലെ ഈ ബസ് സ്റ്റാൻഡ് ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്താണെന്നു കരുതിയെങ്കിൽ തെറ്റി. ഇടതടവില്ലാതെ ബസുകൾ ഇവിടേയ്ക്ക് വരികയും പോവുകയും ചെയ്യുന്നു. ദേശസാൽകൃത റൂട്ടായ ഒടുവള്ളിത്തട്ട് കുടിയാന്മല റൂട്ടിൽ പതിനഞ്ചോളം ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. കൂടാതെ സുൽത്താൻ ബത്തേരി, മംഗലാപുരം, മാനന്തവാടി, മൈസൂർ, ബംഗളൂരു, കോട്ടയം തുടങ്ങി ദീർഘദൂര സർവ്വീസുകളും സ്വകാര്യ ബസുകളുടെ മറ്റു റൂട്ടുകളിലേയ്ക്കുള്ള സർവ്വീസുകളുമുൾപ്പെടെ നൂറോളം സർവ്വീസുകൾ ഇതുവഴിയുണ്ട്. ബസ് സ്റ്റാൻഡിൽ പൊതുപരിപാടികൾ നടക്കുമ്പോൾ ബസുകളും യാത്രക്കാരും പെരുവഴിയിലാകും.