നീലേശ്വരം: വാഹനങ്ങളുടെ മിനിയേച്ചർ നിർമ്മിച്ച് 13കാരൻ അമൽ ശ്രദ്ധേയനാവുന്നു. ലോക്ക് ഡൗൺ തുടങ്ങിയ സമയത്താണ് വാഹനങ്ങളുടെ ചെറുമോഡലുകളുണ്ടാക്കിയുള്ള പരീക്ഷണം തുടങ്ങിയത്. ഫോം ഷീറ്റ് ഉപയോഗിച്ച് ടാങ്കർ ലോറി, കെ.എസ്.ആർ.ടി.സി.ബസ്, ടെമ്പോ ട്രാവലർ, ചരക്ക് ലോറി തുടങ്ങി 20 ഓളം വാഹനങ്ങളുടെ മോഡലാണ് ഇപ്പോൾ അമൽ ഉണ്ടാക്കി വെച്ചിരിക്കുന്നത്.
ഒറിജിനലിനെ വെല്ലുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണം. 2000 രൂപ മുതൽ 5000 രൂപ വരെയാണ് അമൽ നിർമ്മിച്ച കുഞ്ഞൻ വാഹനങ്ങളുടെ വില. ഇവ വാങ്ങാൻ ആളുകളെത്തുന്നുമുണ്ട്. ദിവസവും ഒരു മണിക്കൂർ ചെലവിട്ടാണ് ഒരു മാസം കൊണ്ട് ഒരു ലോറിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഒരു ഓട്ടോമൊബൈൽ ഡിസൈനറാകണമെന്നാണ് അമലിന്റെ ആഗ്രഹം. കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്ക്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അമൽ മ്യൂറൽ പെയിന്റിംഗ് കലാകാരനായ മധുവിന്റെയും സന്ധ്യയുടെയും മകനാണ്. സഹോദരൻ ഹരിദേവ്.