arunima
അരുണിമയും അസിസ്റ്റന്റ് പ്രൊഫസർ ഡോ ജാസ്മിൻ എം ഷായും

കാഞ്ഞങ്ങാട്: വിളകൾക്ക് കൂടുതൽ പ്രയോജനപ്രദമായ ചാണകവളം വിദേശ പശുക്കളുടേതെന്ന കണ്ടെത്തലുമായി കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി അരുണിമ. നാടൻ പശുക്കളുടെ ചാണകത്തിന് കുട്ടയ്ക്ക് അഞ്ഞൂറ് രൂപയും സങ്കരയിനങ്ങളുടേതിന് നൂറുരൂപയുമെന്ന വ്യത്യാസം നിലനിൽക്കെയാണ് ഇതിന്റെ പൊള്ളത്തരത്തിലേക്ക് വിരൽചൂണ്ടി ഈ കുട്ടിയുടെ പരീക്ഷണഫലം പുറത്തുവന്നിരിക്കുന്നത്.

ഈ കണ്ടെത്തലിന് കാസർകോട് സർവ ശിക്ഷ അഭിയാന്റെ ശാസ്ത്രപഥം മത്സരത്തിൽ ഒന്നാം സ്ഥാനവും അരുണിമയ്ക്ക് ലഭിച്ചുകഴിഞ്ഞു. കണ്ടെത്തലിനെതിരെ ഇതോടെ ഒരുവിഭാഗം കർഷകർ രംഗത്തുവന്നിട്ടുമുണ്ട്. സോഷ്യൽമീഡിയയിലും ഇതിനെപറ്റി ഗൗരവമേറിയ ചർച്ചകളാണ് നടക്കുന്നത്. പുല്ലൂർ പൊള്ളക്കട സ്വദേശിനിയാണ് അരുണിമ.

നവംബർ മാസത്തിന്റെ അവസാനത്തിൽ തുടങ്ങിയതാണ് അരുണിമയുടെ പഠനം. ഗിർ, ഗിഡ്ഡ, വെച്ചൂർ, കുള്ളൻ, ഹള്ളികാർ, കാങ്ക്രേജ്, കങ്കയം, ഓങ്കോൾ എന്നീ തദ്ദേശീയ പശുക്കളുടെ ചാണകം ഗവേഷണാവശ്യത്തിന് പെരിയയിലെ ഒരു ഫാമിൽ നിന്നാണ് ശേഖരിച്ചത്. വീടിനടുത്തുള്ള ക്ഷീര കർഷകന്റെ വീട്ടിലെ സങ്കരയിനം പശുവിന്റെ ചാണകവും മറ്റ് വളങ്ങളൊന്നും ചേർക്കാത്ത ശുദ്ധമായ മണ്ണും ശേഖരിച്ചാണ് പരീക്ഷണം തുടങ്ങിയത്. 'വിള ലഭിക്കുന്നതു വരെ പഠനം തുടരണം. അതിന് ശേഷമേ വ്യക്തമായ ഒരു നിഗമനത്തിലെത്താനാവൂ'- തന്റെ പഠനത്തെക്കുറിച്ച് അരുണിമ പറയുന്നു

അരുണിമയുടെ പരീക്ഷണം

സ്‌കൂൾ റിസർച്ച് പ്രൊജക്ട് ചെയ്യാൻ അമ്മ ശോഭയുടെ സുഹൃത്തായ കേരള കേന്ദ്ര സർവകലാശാലയിലെ പ്ലാന്റ് സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജാസ്മിൻ എം. ഷായുടെ സഹായം തേടിയതോടെ വിവിധ ഇനം പശുക്കളുടെ ചാണകത്തിലെ ഗുണമേന്മ എന്ന വിഷയം തിരഞ്ഞെടുത്തു. പയർ, വെണ്ട, കടുക് എന്നീ വിളകൾ ഒൻപത് ഇനം ചാണക മിശ്രിതത്തിലും മണ്ണിലും മുളപ്പിക്കുകയായിരുന്നു. 60 ദിവസങ്ങൾ കഴിഞ്ഞപ്പോൾ സങ്കരയിനം പശുക്കളുടെ ചാണക മിശ്രിതത്തിൽ നട്ട പയറിന് 128 സെന്റിമീറ്ററും കാസർകോട് കുള്ളന്റെയും വെച്ചൂർ പശുവിന്റെയും ചാണകം ഉപയോഗിച്ച പയർ ചെടി 22 സെന്റിമീറ്ററും വളർച്ച രേഖപ്പെടുത്തി. വളമൊന്നും ചേർക്കാത്ത മണ്ണിൽ ഇതേ പയർ ചെടി 20 സെന്റിമീറ്ററും വളർന്നു.

എതിർത്തും അനുകൂലിച്ചും

എന്നാൽ കുട്ടിയുടെ കണ്ടെത്തലിനെതിരെ നിലപാടുമായി ഒരു വിഭാഗം കർഷകരും രംഗത്തുണ്ട്. നിയന്ത്രിത സാഹചര്യത്തിലല്ല ഇത്തരം ഗവേഷണം നടത്തേണ്ടതെന്നാണ് കാസർകോട് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി ഡയറക്ടർ പി.കെ. ലാൽ പറയുന്നത്. കണ്ടെത്തൽ വെറും കുട്ടിക്കളിയാണെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും അമ്പലത്തറ കപില ഗോശാലയുടെ ഉടമ കൂടിയായ ഇദ്ദേഹം പറയുന്നു.

എന്നാൽ വിവിധ ഇനം പശുക്കളുടെ ചാണകത്തിന്റെ വളക്കൂറിനെ കുറിച്ചാണ് പഠനമെന്നും ക്ഷീര കർഷകരെ ഇത് ബാധിക്കില്ലെന്നുമാണ് ‌ഡോ. ജാസ്മിൻ ഇതിന് നൽകുന്ന മറുപടി. നാടൻ പശുക്കളുടെ ചാണകത്തിനാണ് ഗുണമേന്മ എന്ന് തെളിഞ്ഞിരുന്നെങ്കിൽ വാർത്തയാക്കാനും ആഘോഷിക്കാനും എതിർക്കുന്നവർ തന്നെ രംഗത്തു വന്നേനെയെന്നും ഡോ ജാസ്മിൻ പറയുന്നു.