തലശ്ശേരി: അടിക്കടി ഉണ്ടാവുന്ന പാചക വാതക വില വർദ്ധന കാരണം ഹോട്ടലുകൾ അടച്ചു പൂട്ടൽ ഭീഷണി നേരിടുകയാണെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറ്റന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. അച്യുതൻ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ ഇടപെട്ട് ഈ മേഖലയിലെ പ്രശ്നങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വരുമാന പരിധി 40 ലക്ഷം രൂപയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോട്ടലുകൾക്ക് ഇപ്പോഴത്തെ വിലക്കയറ്റം താങ്ങാനാവാത്തതാണ്. പലരും സ്ഥാപനങ്ങൾ വീണ്ടും അടച്ചിടേണ്ട ഗതികേടിലാണുള്ളത്. കേരളത്തിലെ ഹോട്ടലുകൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി. രജിസ്‌ടേഷൻ പരിധിയിലും മാറ്റം വരുത്തണം. ഇതര സംസ്ഥാനത്ത് വാർഷിക വിറ്റുവരവ് 40 ലക്ഷം ഉണ്ടെങ്കിൽ മാത്രമേ ജി.എസ്.ടി. ബാധകമാവുന്നുള്ളൂ. എന്നാൽ കേരളത്തിൽ ഇതിന്റെ പരിധി 20 ലക്ഷമാണ്. മറ്റുള്ള സംസ്ഥാനങ്ങളിലേതുപോലെ പരിധി 40 ലക്ഷമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.