
കണ്ണൂർ: മദ്യത്തിന്റെ വിലവർദ്ധനവ് വ്യാജവാറ്റ് സംഘത്തിന് ചാകരയാകുമെന്ന് സൂചന. സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. ലോക്ക്ഡൗൺ കാലത്ത് ചെറുതും വലുതുമായ വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായിരുന്നു. ഇതിൽ വിരലിലെണ്ണാനാവുന്നവ മാത്രമേ പൊലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധയിൽ പെട്ടിരുന്നുള്ളു. നിത്യവരുമാനക്കാരായ സാധാരണക്കാർക്ക് വിലവർദ്ധന താങ്ങാവുന്നതിലും ഏറെയാണ്. വില വർദ്ധിച്ചാലും മദ്യപാനം ശീലമാക്കിയവർ കുടി നിർത്തില്ല. വിലവർദ്ധനവോടെ കൂലിപ്പണി എടുത്ത് കിട്ടുന്ന വരുമാനത്തിൽ ചില്ലിക്കാശ്പോലും വീട്ടിലെത്താത്ത സ്ഥിതിയാകും വരാൻ പോകുന്നത്. വരുമാനവും ചെലവും ഒത്തുപോകാതെ വരുമ്പോൾ ഇവരിൽ കൂടുതൽ പേരും സ്വന്തമായി മദ്യം ഉണ്ടാക്കി കുടിക്കുന്ന നിലയിലേക്ക് സംസ്ഥാനം എത്തിച്ചേരും. ഇതാകട്ടെ വ്യാജമദ്യ ദുരന്തം ഉൾപ്പെടെയുള്ള ദുരന്തത്തിലാകും എത്തിച്ചേരുക. ലോക്ഡൗൺ കാലത്ത് കുറെയധികം ആളുകൾ വ്യാജചാരായം ഉണ്ടാക്കാൻ പരിശീലനം നേടിയിരുന്നു. വിലവർദ്ധനവ് വന്നതോടെ ഇത്തരം പ്രവർത്തനങ്ങൾ പെരുകും എന്നാണ് കണക്കുകൂട്ടുന്നത്. മദ്യത്തിന് കുത്തനെയാണ് സർക്കാർ വിലകൂട്ടിയത്. അടിസ്ഥാന വിലയിൽ 7 ശതമാനമാണ് വർദ്ധന. ഏറ്റവും വില കുറഞ്ഞതും വൻ വിൽപ്പനയുമുള്ള ജവാൻ റം ഫുൾബോട്ടിലിന് 420 രൂപയുണ്ടായിരുന്നത് 450 ആയി. ബിയറും വൈനുമൊഴികെ എല്ലാ മദ്യത്തിനും വിലവർദ്ധനയുണ്ട്. വി.എസ്.ഒ.പി ബ്രാൻഡി 900 രൂപയുണ്ടായിരുന്നത് 960 ആക്കി ഉയർത്തിയപ്പോൾ 950 രൂപയുടെ 1 ലിറ്റർബോട്ടിലിന് ഇനി 1020 രൂപ നൽകണം. എം.സി ബ്രാണ്ടി ഒരു ലിറ്ററിന് 770 രൂ ഉണ്ടായിരുന്നേടത്ത് പുതിയ വിലപ്രകാരം 820 രൂ നൽകണം. ഓഫീസേഴ്സ് ചോയ്സിന് 710ൽനിന്ന് 760 ആയും സെലബ്രേഷൻ റമ്മിന് 710ൽനിന്ന് 760 ആയും ഉയർന്നിട്ടുണ്ട്. ഒന്നര ലിറ്ററിന്റേയും രണ്ടേകാൽ ലിറ്ററിന്റേയും ബ്രാൻഡി ഉടൻ വിൽപ്പനയ്ക്കെത്തും. ഒന്നര ലിറ്ററിന് 1270 രൂപയും രണ്ടേകാൽ ലിറ്ററിന് 2570 രൂപയുമാണ് വില. മദ്യത്തിന് 40 രൂപ കൂടുമ്പോൾ സർക്കാരിന് 35 രൂപയും ബെവ്‌കോക്ക് 1 രൂപയുമാണ് ലഭിക്കുക. നിർമ്മാണ കമ്പനിക്ക് 4 രൂപയും കിട്ടും. വില വർദ്ധനയുടെ പശ്ചാത്തലത്തിൽ സർക്കാരിന് വർഷം 1000കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വ്യാജവാറ്റിലൂടെയും ഗോവ, മാഹി തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മദ്യം കടത്തുന്നതിലൂടെ സർക്കാരിന് ലഭിക്കുന്ന പണത്തിന്റെ എത്രയോ ഇരട്ടി നഷ്ടമാവുകയും ചെയ്യും. അതിലേറെയായിരുക്കും നിലവാരം കുറഞ്ഞ മദ്യം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ.