കണ്ണൂർ: ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങൾക്ക് സത്വര പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന രണ്ടാമത്തെ സാന്ത്വന സ്പർശം അദാലത്ത് കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത് . പലവിധ ജീവിത സാഹചര്യങ്ങളാൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമാകൻ സാന്ത്വന സ്പർശം അദാലത്തുകളിലൂടെ സാധിക്കുമെന്ന് തലശ്ശേരി, കണ്ണൂർ താലൂക്കുകൾക്കായുള്ള സാന്ത്വന സ്പർശം അദാലത്ത് ഉദ്ഘാടനം ചെയ്ത് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.
നേരത്തേ ഓൺലൈനായി നൽകിയ എല്ലാ പരാതികളിലും പ്രാഥമിക പരിശോധന നടത്തി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പെട്ടെന്ന് തീർപ്പു കൽപ്പിക്കാൻ നിയമപരമായ തടസ്സങ്ങളുള്ളവ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. സാന്ത്വന സ്പർശം എന്ന പേര് അന്വർഥമാക്കുന്ന അദാലത്തുകളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ആളുകൾ അദാലത്തിൽ പങ്കെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
റേഷൻ കാർഡ് അപേക്ഷകൾക്കു പുറമെ, റവന്യൂ, പഞ്ചായത്ത് സേവനങ്ങൾ, ചികിത്സാ സഹായം, വിദ്യാഭ്യാസ വായ്പ, പ്രവാസി പുനരധിവാസം, ബാങ്ക് വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് അദാലത്തിൽ ലഭിച്ച അപേക്ഷകളിലേറെയും. ജില്ലാ കളക്ടർ ടി.വി സുഭാഷ്, എ.ഡി.എം ഇ.പി മേഴ്‌സി, കണ്ണൂർ തഹസിൽദാർ പി.വി അശോകൻ, തലശ്ശേരി തഹസിൽദാർ എം.ടി സുഭാഷ് ചന്ദ്രബോസ്, വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫീസർമാർ പങ്കെടുത്തു. തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളുടെ അദാലത്ത് നാളെ തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് നടക്കും. രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ പയ്യന്നൂർ താലൂക്കുകളിൽ നിന്നുള്ള അപേക്ഷകളാണ് പരിഗണിക്കുക. 12 മണിക്കു ശേഷം തളിപ്പറമ്പ് താലൂക്കിൽ നിന്നുള്ള അപേക്ഷകളും പരിഗണിക്കും.
റേഷൻ കാർഡ് വിതരണം ചെയ്ത് തുടക്കം
ഓൺലൈനായി നൽകിയ അപേക്ഷകൾ പരിഗണിച്ച് മുൻഗണനാ കാർഡ് അനുവദിച്ച 11 പേരിൽ അഞ്ച് പേർക്ക് മന്ത്രിമാർ വേദിയിൽ വെച്ച് റേഷൻ കാർഡുകൾ വിതരണം ചെയ്തുകൊണ്ടായിരുന്നു അദാലത്തിന് തുടക്കം കുറിച്ചത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച അദാലത്തിൽ തലശ്ശേരി താലൂക്കിന്റെ പരാതികളാണ് ആദ്യം പരിഗണിച്ചത്. രണ്ടു താലൂക്കുകളിൽ നിന്നുമുള്ള 1500ലേറെ അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. ഓൺലൈനായി അപേക്ഷ നൽകിയവർക്കു പുറമെ, നേരിട്ട് എത്തുന്നവരുടെ അപേക്ഷകൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകൾ അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.