കണ്ണൂർ: ആരോഗ്യവകുപ്പിന് കീഴിലുള്ള ശ്രുതിതരംഗം പദ്ധതി കേൾവിതകരാറുള്ള ഒന്നരവയസിന് താഴെയുള്ള കുട്ടികൾക്ക് ശസ്ത്രക്രിയ അടക്കം സൗജന്യമായി നൽകുന്നതിനുള്ളതാണ്. ലോക് ഡൗണും മറ്റ് ചില അസുഖങ്ങളും മൂലം ഇതിനുള്ള അവസരം മുടങ്ങിയ ഒരുവയസും പത്തുമാസം പ്രായവുമുള്ള ആശിത്തിന്റെ കേസ് പ്രത്യേകമായി പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതോടെ വലിയ സന്തോഷത്തിലാണ് മാതാപിതാക്കളായ വടകര സ്വദേശി അജീഷും ശ്രുതിയും.
ഒരു ചെവിക്ക് ഓപ്പറേഷൻ നടത്താൻ ഒൻപത് ലക്ഷം രൂപയാണ് ചിലവ് .ഒരു ചെവിയ്ക്ക് ശ്രുതിതരംഗം പദ്ധതി വഴിയും രണ്ടാമത്തെ ചെവിക്ക് പ്രത്യേക കേസായി പരിഗണിച്ചും ഓപറേഷൻ നടത്താനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകിയിട്ടുള്ളത്. കണ്ണൂർ മുനിസിപ്പൽ സ്‌കൂളിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിലായിരുന്നു ഈ ആശ്വാസപ്രഖ്യാപനം.
ആശിത്തിന് ജന്മനാ രണ്ട് ചെവികൾക്കും കേൾവിക്കുറവുണ്ട്. നല്ല ശബ്ദത്തിൽ പറഞ്ഞാൽ മാത്രമേ കുട്ടി ചെറുതായെങ്കിലും കേൾക്കൂ.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കേൾവി സഹായി ഘടിപ്പിച്ചിട്ടുണ്ടെങ്കിലും മുഴുവനായും കേൾവിശക്തി ലഭിക്കണമെങ്കിൽ ഇരു ചെവികൾക്കും ശസ്ത്രക്രിയ നടത്തണമായിരുന്നു. കുട്ടിയുടെ ശാരീരികമായ അസുഖങ്ങളെയും കൊവിഡിനെയും തുടർന്ന് ഓപ്പറേഷൻ കാലാവധി വൈകിയതാണ് പ്രതിസന്ധിയിലായത്. എന്നാൽ ഒന്നര വയസ്സ് കഴിഞ്ഞതിനാൽ ഒരു ചെവിക്കു ശസ്ത്രക്രിയ നടത്താൻ മാത്രമാണ് നിലവിലെ നിയമപ്രകാരം സാധിക്കുകയുള്ളൂ. രണ്ടാമത്തെ ചെവിക്കും സൗജന്യ ശസ്ത്രക്രിയ നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അജീഷ് അദാലത്തിലെത്തിയത്.
പരാതി കേട്ട ആരോഗ്യ മന്ത്രി, കേരള സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിന് അദാലത്തിൽ വച്ചു തന്നെ ഇക്കാര്യത്തിൽ നിർദ്ദേശം നൽകി. കുഞ്ഞിന്റെ ശസ്ത്രക്രിയക്കുള്ള തടസ്സങ്ങൾ മറികടക്കാനായതിന്റെ സന്തോഷത്തിലാണിപ്പോൾ ഈ നിർദ്ധനകുടുംബം.