കണ്ണൂർ:ദേശീയപാത വികസനത്തിനായി കെട്ടിടവും സ്ഥലവും വിട്ടുനൽകുന്ന ഉടമകൾക്ക് ലക്ഷങ്ങൾ വാഗ്ദാനം നൽകുമ്പോൾ ഒഴിഞ്ഞുപോകേണ്ടുന്ന വ്യാപാരികൾക്ക് ലഭിക്കുന്നത് നാമമാത്രമായ നഷ്ടപരിഹാരം.കണ്ണൂർ താലൂക്കിൽ അഞ്ഞൂറോളം വ്യാപാരികൾ ഇത്തരത്തിൽ ഒഴിപ്പിക്കപ്പെടുമ്പോൾ വലിയൊരു സാമൂഹ്യപ്രശ്നം തന്നെയാണ് രൂപംകൊള്ളുന്നത്.
മേലെചൊവ്വയിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് 50,000 രൂപ മുതൽ രണ്ട് ലക്ഷം വരെ നൽകാനാണ് സർക്കാർ തീരുമാനം. എന്നാൽ നഗരപ്രദേശമായതിനാൽ ഈ തുക കൊണ്ട് പുതിയ സ്ഥാപനം തുടങ്ങാൻ സാധിക്കില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.അതേസമയം നിലവിലുള്ള തുകയുടെ രണ്ടും മൂന്നും ഇരട്ടി തുകയാണ് കെട്ടിട ,സ്ഥല ഉടമകൾക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്.ഇതിന്റെ 50 ശതമാനമെങ്കിലും കാലങ്ങളായി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു..വ്യാപാരികളിൽ ഭൂരിഭാഗം പേരും ലോണും മറ്റ് സാമ്പത്തിക ബാദ്ധ്യതകളും ഉള്ളവരാണ്.മറ്റ് കൈതൊഴിലുകൾ ഒന്നും അറിയാത്ത തങ്ങൾ ഈ തുക കൊണ്ട് എന്തുചെയ്യുമെന്നാണ് ഇവരുടെ ചോദ്യം.
കച്ചവടക്കാരുടെ പ്രതിനിധികളുമായി കളക്ടർ പല തവണ ചർച്ച നടത്തിയിട്ടുണ്ട്. പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും അനൂകൂല നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. തെക്കീബസാറിൽ നിർമ്മിക്കാനിരിക്കുന്ന മേൽപ്പാലവുമായി ബന്ധപ്പെട്ട് കെയ്റൂസിന് സർക്കാർ വ്യാപാരികളുടെ പ്രശ്നം പഠിച്ച് ആഘാത റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഒഴിയണം
മേലെച്ചൊവ്വ അണ്ടർപ്പാസിനായി 100
തെക്കീ ബസാർ മേൽപ്പാലം 200
നിവേദനം നൽകി
കെട്ടിടം ,സ്ഥലം ഉടമകൾക്ക് നൽകുന്നതിന്റെ 50 ശതമാനമെങ്കിലും കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാര വ്യവസായ സമിതിയുടെ നേതൃത്വത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നൽകി.