rahul-gandhi

കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ അടിത്തറയിളകിയ കോൺഗ്രസ്സിന് ജീവ വായു പകരാൻ രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും മലബാറിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ഐശ്വര്യ കേരളയാത്രയുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഈ ആവശ്യം ധരിപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ. ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കണ്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും രാഹുലിനെ മലബാറിൽ പ്രചാരണ രംഗത്ത് സജീവമാക്കണമെന്ന് ആവശ്യപ്പെട്ടു.

സി.പി. എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പാണക്കാട് വിരുദ്ധ പരാമർശം മലബാറിലെ ന്യൂനപക്ഷ സ്വാധീന മേഖലകളിൽ യു.ഡി.എഫിന് അനുകൂല സാഹചര്യമുണ്ടാക്കുമെന്നും, ഇതിനൊപ്പം രാഹുലിന്റെ സാന്നിദ്ധ്യം ഇരട്ടി നേട്ടമുണ്ടാക്കുമെന്നും കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഐശ്വര്യ കേരള യാത്രയിലുടനീളം വിജയരാഘവന്റെ പരാമർശം പ്രചാരണായുധമാക്കാനാണ് തീരുമാനം.

കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മലബാറിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞത് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ്ടാണെന്ന് നേതാക്കൾ വിശ്വസിക്കുന്നു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് 23 സീറ്റുകളാണ് 2016 ൽ യുഡിഎഫ് നേടിയത്. ഇതിൽ 17 സീറ്റും മുസ്ലീം ലീഗിന്റേതാണ്. പേരാവൂർ, ഇരിക്കൂർ, ബത്തേരി, വണ്ടൂർ, പാലക്കാട്, തൃത്താല മണ്ഡലങ്ങളാണ് കോൺഗ്രസിന് നേടാനായത്.