
കണ്ണൂർ : അഞ്ച് വർഷത്തെ വികസന നേട്ടങ്ങളൊന്നും ഉയർത്തിക്കാണിക്കാൻ കഴിയാത്ത സി.പി. എം വർഗീയത ഇളക്കിവിട്ട് വോട്ട് തട്ടാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരളയാത്രയ്ക്ക് ചക്കരക്കല്ല്, തലശേരി, പാനൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
സ്വർണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവുമാണ് സർക്കാരിന്റെ മുഖമുദ്ര. വർഗീയ കാർഡിറക്കി നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം കേരളത്തിൽ വിലപ്പോകില്ല. എ.വിജയരാഘവൻ വീണ്ടും വീണ്ടും വിവാദപരാമർശത്തിന്റെ പിറകെയാണ്. ന്യൂനപക്ഷത്തെ ലക്ഷ്യംവയ്ക്കുന്ന ഇത്തരം പരാമർശങ്ങൾ സാക്ഷര കേരളത്തിന് അപമാനമാണ്.
പി. എസ്.സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനങ്ങളാണ് നടത്തിയത്. തൊഴിൽരഹിതരായ ആയിരക്കണക്കിന് യുവാക്കളുടെ കണ്ണീരിൽ ഈ സർക്കാർ മുങ്ങിത്താഴും. യു.ഡി. എഫ് അധികാരത്തിൽ വന്നാൽ തൊഴിൽരഹിതരായ യുവാക്കളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണും.
10 ശതമാനം മുന്നോക്ക സംവരണത്തെ യു.ഡി.എഫ് സർവാത്മനാ സ്വാഗതം ചെയ്തതാണ്. അതുമൂലം മുസ്ലിങ്ങളടക്കമുള്ള പിന്നോക്കവിഭാഗങ്ങൾക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാകാൻ പാടില്ലെന്ന നിലപാട് കൂടിയാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എം.എം.ഹസ്സൻ, സി.പി. ജോൺ, ഷിബു ബേബി ജോൺ, പാറക്കൽ അബ്ദുള്ള, ജി.ദേവരാജൻ, ലതികാ സുഭാഷ്, സതീശൻ പാച്ചേനി, മമ്പറം ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.