കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഹൈടെക് ആട് ഫാം ബേഡഡുക്കയിലെ കല്ലളിയിൽ വരുന്നു. 22.74 ഏക്കർ സ്ഥലത്ത് നല്ലയിനം മലബാറി ആടുകളുടെ ഉത്പാദനം, പാലുത്പാദനം, മാംസോത്പാദനം, ജൈവവളം ഉത്പാദനം എന്നിവയാണ് ലക്ഷ്യം. വിവിധ പദ്ധതികളിലേക്കുള്ള ആട്ടിൻ കുഞ്ഞുങ്ങളെ നൽകുക എന്നതാണ് ആദ്യ ലക്ഷ്യം. പിന്നീട് സ്വകാര്യ വ്യക്തികൾക്കും നൽകും.
കേന്ദ്രസർക്കാർ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന വിഹിതമായ 1.78 കോടി രൂപ, കാസർകോട് വികസന പാക്കേജിൽനിന്ന് 1.54 കോടി രൂപ, വകുപ്പ് വിഹിതം 63 ലക്ഷം എന്നിവയടക്കം 3.95 കോടി രൂപയുടേതാണ് പദ്ധതി.
ആദ്യഘട്ടത്തിൽ 900 പെണ്ണാടുകളെയും 100 ആണാടുകളേയും ജില്ലയിൽ നിന്നുതന്നെ വാങ്ങിക്കും. ആദ്യ വർഷം ഉത്പാദിപ്പിക്കുന്ന പെണ്ണാടിൻ കുഞ്ഞുങ്ങളെ ബേഡഡുക്കയിലെ കർഷകർക്ക് സൗജന്യമായി നൽകി ഒരു പ്രസവത്തിന് ശേഷം കുഞ്ഞിനെ അവർക്ക് നൽകി അമ്മയെ തിരികെ വാങ്ങാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. ഇങ്ങനെ തിരിച്ചെടുക്കുന്നവയെ ഫാമിൽ ലഭ്യമാവുന്ന മുറയ്ക്ക് ജില്ലയ്ക്ക് പുറത്തേക്ക് കൂടി നൽകാൻ സാധിക്കും. ആധുനിക സൗകര്യങ്ങളോടെ 200 ആടുകളെ വീതം ഒന്നിച്ചു നിർത്താവുന്ന അഞ്ച് ആട് ഷെഡുകളും ഒരു ഓഫീസ് കെട്ടിടവുമാണ് ഉണ്ടാവുക. രോഗബാധിതരായ ആടുകളെ ശുശ്രൂഷിക്കാനും ഗർഭിണികളായ ആടുകൾക്കും കുഞ്ഞുങ്ങൾക്കുമായും പ്രത്യേകം സൗകര്യം സജ്ജമാക്കും. ആടുകൾക്കാവശ്യമായ ഭക്ഷണവും ഇവിടെ തന്നെ ഉത്പാദിപ്പിക്കും. പ്രാഥമിക ഘട്ടത്തിൽ ആയിരം പ്ലാവുകൾ ഈ പ്രദേശത്ത് നട്ടിരുന്നു.
നിർമ്മാണോദ്ഘാടനം ഇന്ന്
കൊളത്തൂർ (കല്ലളി) ജി.എൽ.പി സ്‌കൂളിൽ ഇന്ന് വൈകീട്ട് മൂന്നിന് മന്ത്രി പി. രാജു നിർമ്മാണോദ്ഘാടനം നിർവഹിക്കും. കെ. കുഞ്ഞിരാമൻ എം.എൽ.എ അധ്യക്ഷനാവും. മന്ത്രി ഇ. ചന്ദ്രശേഖരൻ, രാജമോഹൻ ഉണ്ണിത്താൻ എം.പി, പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ സംബന്ധിക്കും.
എട്ട് വർഷത്തെ കാത്തിരുപ്പ്
2012 ൽ തുടക്കം കുറിച്ച പദ്ധതി. സ്ഥലം കൈമാറ്റം ചെയ്തു കിട്ടാൻ നാലുകൊല്ലം. റവന്യു വകുപ്പ് സോഷ്യൽ ഫോറസ്റ്റിക്ക് നൽകിയ സ്ഥലം മൃഗസംരക്ഷണ വകുപ്പിന് വിട്ടുകിട്ടിയത് 2016 ൽ. കൈയേറ്റം ഒഴിപ്പിക്കൽ പ്രധാന വെല്ലുവിളിയായി. അപ്പോഴേക്കും ഫണ്ടിന്റെ കാലാവധിയായി. വീണ്ടും പ്രൊജക്ട് തയ്യാറാക്കി 3.95 കോടി ഫണ്ട് സംഘടിപ്പിച്ചു.
ഓഫീസ് കോംപ്ലക്സ് പണിയുന്നതിന് പി.ഡബ്ല്യൂ.ഡി ടെൻഡർ നൽകി. ഷെഡുകൾ പണിയാൻ ഹൗസിംഗ് ബോർഡ് ടെൻഡർ നടപടികളായി. മടിക്കൈ മാംസ സംസ്‌കരണശാലയിലേക്ക് ആവശ്യമായി വരുന്ന മാംസത്തിന് ആട് ഫാമിൽ നിന്ന് മുട്ടനാടുകളെ നൽകാനും പദ്ധതിയുണ്ട്.
ഡോ. ടിറ്റോ ജോസഫ് (ബേഡഡുക്ക ഹൈടെക് ആട് ഫാം സ്‌പെഷ്യൽ ഓഫീസർ)