sarojini

നീലേശ്വരം: ബ്രെസ്റ്റ് കാൻസർ ബാധിച്ച് കടുത്ത വേദനയിലിരിക്കുമ്പോഴാണ് വാഴുന്നൊറൊടി യിലെ ഒ.വി.സുരേശന്റെ ഭാര്യ സരോജിനി ചിത്രം വര തുടങ്ങിയത്. പ്രശസ്ത ചിത്രകാരനായ രാജേന്ദ്രൻ പുല്ലൂരിന്റെ കീഴിൽ വരച്ചുപഠിക്കുന്ന മകളെ പഠനകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കുന്നത് മാത്രമായിരുന്നു നേരത്തെ ഈ കലയുമായി ഇവർക്കുള്ള ബന്ധം. മനോഹരമായ ചിത്രങ്ങൾ വഴങ്ങിത്തുടങ്ങിയ ഈ വീട്ടമ്മയ്ക്ക് തന്റെ രോഗത്തിനുള്ള മരുന്ന് തന്നെയാണിപ്പോൾ വര.

വരക്കാൻ തുടങ്ങിയാൽ പിന്നെ താൻ വേദന അറിയുന്നില്ലെന്നാണ് സരോജിനി പറയുന്നത്.

മലബാർ കാൻസർ സെന്ററിലെ ചികിത്സക്ക് ശേഷം ഭർത്താവ് ഒ.വി.സുരേശൻ കടയിലേക്കും മക്കൾ പഠനത്തിനും പോയി വീട്ടിൽ ഒറ്റക്കിരിക്കുമ്പോഴാണ് പെൻസിൽ കൊണ്ട് വര തുടങ്ങിയത്. ചിത്രരചനയിൽ പരിശീലനം കിട്ടിയിട്ടില്ലെങ്കിലും പ്രൊഫഷണൽ ചിത്രങ്ങളോട് കടപിടിക്കുന്നതാണ് സരോജിനി വരച്ച ചിത്രങ്ങൾ. ആത്മവിശ്വാസമാണ് അതിജീവനത്തിനുള്ള മാർഗ്ഗമെന്ന് ഈ വീട്ടമ്മ അടിവരയിട്ട് പറയുന്നു. കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും പേടിക്കുമ്പോൾ അതിന് മനസ്സില്ലെന്ന പ്രഖ്യാപനമാണ് സരോജിനിയുടേത്.. കാൻസർ മാറിക്കോളും, കരുത്തായി എന്റെ ചിത്രരചന കൂട്ടിനുണ്ടെന്നും ഇവർ പറയുന്നു.

കാൻസർബോധവത്കരണവും

ജനനേതാക്കൾ, സിനിമ താരങ്ങൾ, മഹാന്മാർ, പ്രകൃതി ദൃശ്യങ്ങൾ, കാഴ്ചകൾ തുടങ്ങി 200 ഓളം ചിത്രങ്ങൾ സരോജിനി വരച്ചിട്ടുണ്ട്. കാൻസർ രോഗികൾക്കായി ബോധവത്ക്കരണവും ഇവർ നടത്തുന്നു. കളിപ്പാട്ടങ്ങൾ, വിവിധതരം പൂക്കൾ എന്നിവയും സരോജിനി ഉണ്ടാക്കുന്നുണ്ട്.'പെരിയ പോളിടെക്നിക്ക് കോളേജിൽ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ മകൾ നീലാംബരി നല്ലൊരു ചിത്രകാരി കൂടിയാണ്.കഴിഞ്ഞ മാസം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ച് നേരിട്ട് നൽകി പ്രശംസ നേടിയിരുന്നു ഈ പെൺകുട്ടി. പ്ലസ് ടു വിദ്യാർത്ഥിയായ സുസ്മിത് മകനാണ്.