കണ്ണൂർ: ഐശ്വര്യകേരളയാത്രയുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലയിലെ ഭാവിവികസനത്തെ കുറിച്ച് വാണിജ്യ, വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.
ഇന്നലെ രാവിലെ എട്ടുമണിക്ക് കണ്ണൂർ മാസ്‌കോട്ട് ബീച്ച്‌ഹോട്ടലിൽ വിളിച്ചുചേർത്ത യോഗത്തിൽ ജില്ലയിലെ വാണിജ്യ-വ്യവസായ കാർഷിക മേഖലകളിൽ ശ്രദ്ധേയരായ നിരവധി പേർ പങ്കെടുത്തു.
ജില്ല നേരിടുന്ന പ്രശ്‌നങ്ങൾതന്നെയായിരുന്നു പലരും പറഞ്ഞത്. യു.ഡി.എഫ് കൊണ്ടുവന്ന പല പദ്ധതികളും തുടർന്നുവരുന്ന സർക്കാർ നടപ്പാക്കുന്നില്ലെന്നും അക്കാര്യത്തിൽ യു.ഡി.എഫ് പ്രതികരിക്കുന്നില്ലെന്നും 'ദിശ' ചെയർമാൻ സി. ജയചന്ദ്രൻ പറഞ്ഞു. അഴീക്കൽ തുറമുഖപദ്ധതി, 980 കോടിയുടെ സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതി, കൈത്തറി ഗ്രാമം പദ്ധതി ഇതൊക്കെ പൂർത്തിയാക്കാൻ കഴിയുന്നില്ല. കണ്ണൂർവിമാനത്താവളത്തിൽ വിദേശവിമാനസർവിസ് നടപ്പാക്കുന്നില്ല. ഇ.എസ്.ഐ ആശുപത്രി സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുക തുടങ്ങിയ കാര്യങ്ങൾ ഒന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ ബംഗളൂരു മോഡൽ ഒരു ഐ.ടി സെന്റർ സ്ഥാപിക്കണമെന്ന് യുവ സംരംഭകനായ ടി.എൻ.എം ജവാദ് ആവശ്യപ്പെട്ടു. അഡ്വ. ബിനോയ് തോമസ്. ഹനീഷ് വാണിയങ്കണ്ടി, അനിൽകുമാർ, ടി.കെ രമേഷ്‌കുമാർ. കെ. ബാലചന്ദ്രൻ, ഡോ. ബി.വി. ഭട്ട്, ഡോ. പി.വി ബാലകൃഷ്ണൻ. ജോർജ്ജ് തയ്യിൽ, വേയ്ക് പ്രസിഡന്റ് ശറഫുദ്ദീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. നേതാക്കളായ കെ.സി ജോസഫ്. എം.എൽ.എ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ജോൺ, ജി. ദേവരാജൻ, ഷിബു ബേബിജോൺ, വി.കെ അബ്ദുൾ ഖാദർ മൗലവി, ലതികാസുഭാഷ്, മേയർ ടി.ഒ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.