തലശേരി: വ്യാപാര സ്ഥാപനങ്ങളിൽ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ ഷിഗല്ലെ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. പുതിയബസ് സ്റ്റാൻഡ് പരിസരത്ത് ഒരു ഹോട്ടൽ ഉൾപ്പെടെ നാലു ഭക്ഷണ സ്റ്റാളുകളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇവിടെ ഉപയോഗിക്കുന്ന വെള്ളമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. കിണറിൽ നിന്നും വാഹനത്തിൽ എത്തിക്കുന്ന വെള്ളമാണ് ഈ കടകളിൽ ഉപയോഗിക്കുന്നത്. നാലു കടകളും അധികൃതർ പൂട്ടിച്ചു.

ഇരട്ടിയിൽ ഒരു പെൺകുട്ടിക്ക് ഷിഗല്ലെ ബാധിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലുടനീളം പരിശോധന കർശനമാക്കിയത്. ഷിഗല്ലെ ബാക്ടീരിയയുടെ സാന്നിദ്ധ്യം തലശേരിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. കണ്ണൂരിൽ നിന്നെത്തിയ ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ വി.കെ. പ്രദീപ് കുമാർ, ഫുഡ് സേഫ്റ്റി നോഡൽ ഓഫീസർ കെ. വിനോദ് കുമാർ, ഉദ്യോഗസ്ഥരായ കെ.വി സുരേഷ് കുമാർ, കെ. സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.