പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാഡമി, ഇന്റർനാഷണൽ ഫോക് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ( ഇൻഫോക്ക്) എന്ന പേരിൽ 19, 20, 21 തീയതികളിൽ പയ്യന്നൂർ ശാന്തി കാർണിവൽ സിനിമാ തീയേറ്ററിൽ അന്താരാഷ്ട്ര ഫോക് ചലച്ചിത്രോത്സവം സംഘടിപ്പിക്കും.
ഫീച്ചർ ,നോൺ ഫീച്ചർ, ഷോർട്ട് ഫിലിം വിഭാഗങ്ങളിലായി അമ്പതോളം സിനിമകൾ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിക്കും. ലോകത്തെമ്പാടും ഫോക് ലോർ പ്രമേയമായി ഉണ്ടാകുന്ന ഫീച്ചർ, ഡോക്യുമെൻററി, ഷോർട്ട് ഫിലിമുകൾ കേരളത്തിൽ എത്തിക്കുന്നതിനൊപ്പം മലയാളത്തിലും മറ്റ് ഇതര ഇന്ത്യൻ ഭാഷകളിലും ഉണ്ടാകുന്ന ഫോക്‌ലോർ ഇതിവൃത്തമായ സിനിമകൾ കൂടി ഈ മേളയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
സംഘാടക സമിതി രൂപീകരണ യോഗം ശാന്തി കാർണിവൽ തീയേറ്ററിൽ ചലച്ചിത്ര സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി. കൃഷ്ണൻ എം.എൽ.എ, ഫോക് ലോർ അക്കാഡമി വൈസ് ചെയർമാൻ എ.വി. അജയകുമാർ, പത്മനാഭൻ കാവുമ്പായി, പി. പ്രേമചന്ദ്രൻ, കെ. ശിവകുമാർ, ബാബു കാമ്പ്രത്ത്, എം.ടി. അന്നൂർ, സന്തോഷ് മണ്ടൂർ, കുഞ്ഞിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശശീന്ദ്രൻ സംസാരിച്ചു. ടി .വി. രാജേഷ് എം.എൽ.എ ചെയർമാനും കീച്ചേരി രാഘവൻ ജന. കൺവീനറും എ.വി. അജയകുമാർ ജനറൽ കോ-ഓർഡിനേറ്ററുമായി സംഘാടക സമിതി രൂപീകരിച്ചു.
ലോഗോ ക്ഷണിച്ചു
പയ്യന്നൂർ: കേരള ഫോക് ലോർ അക്കാഡമിയുടെ നേതൃത്വത്തിൽ 19, 20, 21 തീയതികളിൽ പയ്യന്നൂരിൽ നടക്കുന്ന ഇന്റർനാഷണൽ ഫോക് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഇൻഫോക്ക്) യുടെ ലോഗോ ക്ഷണിച്ചു. രൂപകല്പന ചെയ്ത ലോഗോ 8 ന് വൈകിട്ട് 5നകം keralafolkoreacademy@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 94461 68067.