prameela
ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രമീള

പട്ടുവം: ഭ്രാന്തൻ നായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കയ്യംതടത്തെ ചാപ്പയിൽ സുരേന്ദ്രന്റെ ഭാര്യ പ്രമീള ( 48)യ്ക്കാണ് പരിക്കേറ്റത്. പ്രമീളയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്കാണ് സംഭവം. ക്ഷീരകർഷകയായ പ്രമീള പതിനേഴോളം ആടുകളെ വളർത്തി വരുന്നുണ്ട്. മൂന്ന് ആഴ്ചപ്രായമുള്ള ആട്ടിൻകുട്ടിയെ ഭ്രാന്തൻ നായ ആക്രമിക്കുന്നത് കണ്ട് തടയാൻ ചെന്ന പ്രമീളയെ മുഖത്തും കൈക്കും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

മുഖത്ത് മാരകമായി പരിക്കേറ്റ പ്രമീളക്ക് ബോധക്ഷയം ഉണ്ടായി. നാട്ടുകാർ ഓടിയെത്തി പ്രമീളയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചുണ്ടുകൾക്ക് മാരകമായി പരിക്കേറ്റതിനാലാണ് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റിയത്. ഭ്രാന്തൻ നായ പിന്നീട് കൂവോട് അണക്കെട്ടിനടുത്ത സൗദയെയും ആക്രമിച്ചു. ആടിനെയും ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സൗദക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ നല്കി. കഴിഞ്ഞ മാസം മുറിയാത്തോട്ടെ റിട്ട: പൊലീസ് എസ്.ഐ ടി.പി.രാധാകൃഷ്ണന്റെയും തളിപ്പറമ്പ് ജോയിന്റ് ബി.ഡി.ഒ മീരാഭായിയുടെയും വീട്ടിലെ കോഴിക്കൂട് തകർത്ത് ഒരു സംഘം തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.