ഇരിട്ടി: നഗരസഭയിലെ പയഞ്ചേരിയിൽ ഷിഗല്ലെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ താലൂക്ക് ആശുപത്രി, മുൻസിപ്പാലിറ്റി ആരോഗ്യവിഭാഗം അധികൃതർ രോഗം റിപ്പോർട്ട് ചെയ്ത വീടും സ്ഥലവും സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രന്റെ നേതൃത്വത്തിൽ നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. കുഞ്ഞിരാമൻ, പൊതുജനാരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ വേണുഗോപാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ഇ. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.പി. അജയകുമാർ, എം.ജി. അനിത, കെ.പി. രചന, ധന്യ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലത്ത് ഇവർ പരിശോധന നടത്തി. 2 കിണറുകളിൽ നിന്ന് വെള്ളം പരിശോധനയ്ക്ക് ശേഖരിച്ചു. പയഞ്ചേരി മുക്ക്, ഇരിട്ടി ടൗൺ, പുന്നാട് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറി യൂണിറ്റുകൾ തുടങ്ങി 14 സ്ഥാപനങ്ങൾ സന്ദർശിച്ച് ശുചിത്വ പരിശോധന നടത്തി. 7 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കുന്നതിന് അറിയിപ്പ് നൽകുകയും ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുകയും ഷിഗല്ലെ വ്യാപനം തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.