ഇന്ന് ലോക കാൻസർ ദിനം
കണ്ണൂർ:മലബാർ കാൻസർ കെയർ സൊസൈറ്റിയിലെ പരിശോധനയുടെ ഫലം പോസിറ്റീവായപ്പോൾ ജീവിതം അവസാനിപ്പിക്കാൻ ഉറച്ചതായിരുന്നു 58കാരിയായ വസുമതി. മാറിടത്തിൽ മൂന്നാം സ്റ്റേജിലെത്തിയ കാൻസർ അത്ര ഗുരുതരമായിരുന്നു.
ഇനിയൊരു തിരിച്ചുവരവ് അസാദ്ധ്യമെന്ന മട്ടിലായിരുന്നു ഡോക്ടർമാർ. രോഗം സ്ഥിരീകരിച്ച് വീട്ടിലേക്ക് തിരിക്കുമ്പോൾ ബസിന് അടിയിലേക്ക് ചാടിയാലോ എന്നായിരുന്നു ആലോചന. വീട്ടിലെത്തി രാത്രി എല്ലാവരും ഉറങ്ങിയതിനു ശേഷം തൂങ്ങിമരിക്കാൻ ഉറച്ചു. ചികിത്സാച്ചെലവ് കുടുംബത്തിന് താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത വരുത്തും. പരിശോധനാഫലം വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു. എന്നാൽ വസുമതിയെ പരിശോധിച്ച ഡോക്ടർ അടുത്ത ബന്ധുവിനെ വിളിച്ച് കാര്യം ധരിപ്പിച്ചു. അദ്ദേഹമടക്കമുള്ള ബന്ധുക്കൾ കാര്യമായി ഇടപെട്ടു. എല്ലാ പിന്തുണയും നൽകി. ഒപ്പം നിൽക്കുന്നവരെ ഓർത്തപ്പോൾ രോഗത്തെ ചെറുക്കുമെന്ന ദൃഢനിശ്ചയം മനസിൽ കരുപ്പിടിച്ചു.
വലതു മാറിലെ മുഴയാണ് ഒരു വർഷത്തിന് ശേഷം കാൻസറാണെന്ന് സ്ഥിരീകരിച്ചത്. അപ്പോഴേക്കും മൂന്നാമത്തെ ഘട്ടത്തിലേക്ക് കടന്നിരുന്നു. ചികിത്സയുടെ ഭാഗമായി മാറിടം നീക്കി. 11 കീമോയും 25 റേഡിയേഷനും പൂർത്തിയാക്കി. കീമോ കഴിഞ്ഞ് മുടി പോകുന്നതും ശരീരം മെലിയുന്നതും കണ്ട് പലരും സഹതപിച്ചു. അതൊന്നും വസുമതിയെ തളർത്തിയില്ല. രോഗത്തെ പൊരുതി തോൽപ്പിച്ച് തൊഴിലുറപ്പ് പണിയിലൂടെ വരുമാനം കണ്ടെത്തുകയാണ് ഇന്നിവർ. നേരത്തെ പാറമടയിലായിരുന്നു ജോലി. ഹൃദ്രോഗിയായ ഭർത്താവ് എൻ. കരുണന്റെ തണലാണ് ഇന്ന് വസുമതി. മൂന്ന് പെൺമക്കളുടെ വിവാഹം നടത്തി.
ജീവിക്കണമെന്ന വാശിയുണ്ടായാൽ ഏത് കാൻസറും കീഴടങ്ങും. മറ്റെല്ലാ രോഗവും പോലെയാണ് കാൻസറും. മനോധൈര്യമുണ്ടെങ്കിൽ ജീവിതത്തിലേക്ക് തിരിച്ചുവരാം. അതിന്റെ ജീവിക്കുന്ന തെളിവാണ് കൂത്തുപറമ്പ് മൂര്യാട്ട് സ്വദേശിയായ വസുമതി.