.കാഞ്ഞങ്ങാട്:വലിയ കുളങ്ങളെയും മറ്റ് ജലാശലയങ്ങളെയും ശ്വാസം മുട്ടിക്കുന്ന ആഫ്രിക്കൻ പായലിനെ ചെറുക്കാൻ സിർട്ടോബാഗസ് വണ്ടുകൾ വഴി സാധിക്കുന്നുവെന്ന് പടന്നക്കാട് കാർഷിക കോളേജ് അധികൃതർ.തീർത്തും ജൈവിക നിയന്ത്രണമായതിനാൽ ജലസ്രോതസ് ഒരുതരത്തിലും ഇത് ബാധിക്കില്ലെന്നും കാർഷിക കോളേജ് ഡീൻ ഡോ.പി.ആർ.സുരേഷ് പറയുന്നു.
.പടന്നക്കാട് കാർഷിക കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.വിദ്യയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിർട്ടോബാഗസ് വണ്ടുകളെ ആഫ്രിക്കൻ പായലിന്റെ ജൈവീകനിയന്ത്രണത്തിനായി ഉപയോഗിക്കുന്നതിനുള്ള ശ്രമത്തിലാണ്. ജില്ലയിൽ ജലസമൃദ്ധി കൊണ്ട് പ്രസിദ്ധമായ നീലേശ്വരം ചിറയടക്കം നൂറുകണക്കിന് ശുദ്ധജലാശയങ്ങൾ ആഫ്രിക്കൻ പായൽ പരന്ന് ഉപകരിക്കപ്പെടാതെ പോകുന്ന അവസ്ഥയിൽ സിർട്ടോബാഗസ് വണ്ടുകളെ ഉപയോഗിച്ചുള്ള പരീക്ഷണം ശ്രദ്ധേയമാണ്.
മറ്റെല്ലാ ജൈവീക നിയന്ത്രണ മാർഗ്ഗങ്ങളെയും പോലെ ആഫ്രിക്കൻപായലിന്റെ ജൈവീകനിയന്ത്രണവും സാവധാനത്തിലാണ് നടക്കുന്നത്. മാത്രമല്ല,ജലാശയങ്ങളിൽ എപ്പോഴും കുറഞ്ഞ അളവിൽ പായൽ ഉണ്ടാകുമെന്നതിനാൽ ഇതുവഴി സിർട്ടോബാഗസ് വണ്ടുകൾക്ക് നിലനിൽപിനാവശ്യമായ ഭക്ഷണം ലഭിക്കുകയും ചെയ്യും..
ഇന്ത്യയിൽകൊണ്ടുവന്നതിനുശേഷം നാൽപതു വർഷത്തോളമായിട്ടും ആഫ്രിക്കൻ പായലുകളെ നിയന്ത്രിക്കുന്നതിന് സിർട്ടോബാഗസ് വണ്ടുകൾക്ക് സാധിക്കുന്നുവെന്നത് പ്രതീക്ഷക്ക് വക നൽകുന്നു. ആഫ്രിക്കൻ പായലുകളെ നിയന്ത്രണക്കുന്നതിനുള്ള സിർട്ടോബാഗസ് വണ്ടുകൾ പടന്നക്കാട് കാർഷിക കോളേജിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
പരീക്ഷണം തീർത്ഥങ്കരയിൽ
കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെള്ളാനിക്കരയിലെ ജൈവീക നിയന്ത്രണ വിഭാഗത്തിൽ നിന്നും വണ്ടുകളെ കൊണ്ടുവന്ന് പടന്നക്കാട് കാർഷിക കോളേജിന്റെ കീഴിലുളള തീർത്ഥങ്കര തടാകത്തിൽ നിക്ഷേപിച്ചായിരുന്നു പരീക്ഷണം. ഇപ്പോൾ വണ്ടുകളുടെ എണ്ണം വർദ്ധിച്ചതോടെ പായൽ നശിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒന്നു രണ്ടു മാസത്തിനുള്ളിൽ പായൽ പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
ജില്ലയിലെ ആഫ്രിക്കൻപായൽ മൂടിയ കുളങ്ങൾ ഉപയോഗയോഗ്യമാക്കാൻ ഈ വണ്ടുകളോ വണ്ടാക്രമണം മൂലം നശിച്ച പായലുകളോ കുളത്തിൽ നിക്ഷേപിച്ചാൽ മതിയാകും. ഈ വണ്ടുകൾ മറ്റു വിളകളേയോ കളകളെയോ ആക്രമിക്കുകയില്ല. ജൈവീകനിയന്ത്രണമായതിനാൽ ഈ രീതി ദീർഘകാലത്തേക്ക് ഫലം ചെയ്യുന്നതാണ് ഡോ.പി.ആർ.സുരേഷ് (കാർഷിക കോളേജ് ഡീൻ)
സിർട്ടോബാഗസ് സാൽവിനിയെ
വണ്ടുകളുടെ കുടുംബത്തിൽപെട്ടതാണ് സിർട്ടോബാഗസ് സാൽവിനിയെ.ലോകമാകെ മിത്രകീടമായി ഉപയോഗിച്ചുവരുന്ന ഇവ ജലാശയങ്ങൾക്ക് ഉപദ്രവകരമാകുന്ന സസ്യങ്ങളെ തിന്നുതീർക്കുന്നു.തുടക്കത്തിൽ അല്പം ബ്രൗൺ നിറത്തിൽ കാണപ്പെടുന്ന ഈ വണ്ടുകൾ തിളങ്ങുന്ന കറുപ്പുനിറത്തിലേക്ക് പിന്നീട് മാറും.ശാസ്ത്രീയനാമം തന്നെയാണ് സിർട്ടോബാഗസ് സാൽവിനെയ എന്നത്.ബ്രസീലാണ് സ്വദേശം.