
വൃക്കരോഗികൾക്ക് ഡയാലിസിസ് ഉപകരണങ്ങളും മരുന്നുകളും നൽകുന്നു
കണ്ണൂർ:സാമ്പത്തിക പ്രതിസന്ധിയിലും മതിയായ ചികിത്സ ലഭിക്കാതെയും വലയുന്ന വൃക്കരോഗികൾക്ക് കോർപ്പറേഷന്റെ കൈത്താങ്ങ്.കോർപറേഷനിൽ സ്ഥിര താമസക്കാരായ അറുപതോ അതിൽ കൂടുതലോ പ്രായമായ വൃക്കരോഗികൾക്ക് ഡയാലിസിസും അനുബന്ധ ഉപകരണങ്ങളും മരുന്നുകളും സൗജന്യമായി നൽകാനാണ് കോർപറേഷൻ തീരുമാനം.
പ്രതി വർഷം ശരാശരി അഞ്ച് ലക്ഷം രൂപ വരെ തുടർച്ചയായി ചികിത്സക്കും ഡയാലിസിനുമായി ഇവർക്ക് ചിലവാകുന്നുണ്ട്. സർക്കാർ ആശുപത്രിയിൽ മതിയായ ചികിത്സാസൗകര്യങ്ങൾ ഇവർക്ക് ലഭിക്കാത്ത അവസ്ഥയുണ്ട്.സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസിനും മറ്റുമായി ഈടാക്കുന്ന കഴുത്തറുപ്പൻ തുക രോഗികൾക്ക് താങ്ങാവുന്നതിലുപ്പുറവുമാണ്.ഈ സാഹചര്യത്തിൽ കോർപ്പറേഷൻ നൽകുന്ന ഈ ആനുകൂല്യം വൃക്ക രോഗികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാവുകയാണ്.
ആകെ രോഗികളിൽ മുപ്പതു ശതമാനത്തിനു പോലും ഡയാലിസിസ് സൗകര്യമില്ലാത്ത സാഹചര്യമാണ് നിലവിൽ സർക്കാർ,സ്വകാര്യ ആശുപത്രികളിൽ. സന്നദ്ധ സംഘടനകളും മറ്റും നടത്തുന്ന ഡയാലിസിസ് കേന്ദ്രങ്ങളിൽ നിന്ന് ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.
ഡയാലിസിസിന് അമിതഫീസും ,ഇൻജക്ഷന് എം.ആർ.പി യിൽ ഇളവില്ലാത്തതുമടക്കമുള്ള ചൂഷണങ്ങൾ ചൂണ്ടിക്കാട്ടി കിഡ്‌നി കെയർ കേരള ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ രംഗത്ത് വന്നിരുന്നു.
അപേക്ഷിക്കു, പത്തിനകം
കോർപ്പറേഷന്റെ ആനുകൂല്യം ആവശ്യമുള്ളവർ മെയിൻ ഓഫീസിലെ ഹെൽപ്‌ഡെസ്‌കിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് ഫെബ്രവരി 10നകം നൽകണമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.
സർക്കാർ കനിഞ്ഞേ പറ്റു
കാരുണ്യ ബെനവന്റ് ഫണ്ട് (കെ.ബി.എഫ്) നിർത്തലാക്കിയത് കാരണം സഹായം മുടങ്ങിയവരെയും
പുതിയ ഗുരുതര രോഗികളെയും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ഉടൻ ഉൾപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്. ആനുകൂല്യം എല്ലാവർക്കും ഉറപ്പുവരുത്താൻ ഡയാലിസിസ് നടക്കുന്ന മുഴുവൻ കേന്ദ്രങ്ങളെയും ആശുപതികളെയും പദ്ധതിയുമായി ബന്ധിപ്പിക്കണമെന്നതാണ് മറ്റൊരു ആവശ്യം.പഞ്ചായത്തുകളും സഹകരണ സ്ഥാപനങ്ങളും മരുന്നുവാങ്ങി നൽകണമെന്ന ഉത്തരവ് പലയിടത്തും നടപ്പാകുന്നില്ല.രോഗികളുടെ ഒരു ദിവസത്തെ ഡയാലിസിസ് ചിലവിനുപോലും സാമൂഹ്യനീതി വകുപ്പു നൽകുന്ന പ്രതിമാസ സമാശ്വാസ സഹായമായ 1100 രൂപ കൊണ്ട് കഴിയുന്നില്ല. ഇതിനായി 2018ൽ നൽകിയ അപേക്ഷ പോലും കെട്ടിക്കിടക്കുകയാണ്.വൃക്കരോഗികളുള്ള കുടുംബത്തെ ബി.പി.എൽ.ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അവഗണിക്കപ്പെടുകയാണ്.