
തലശേരി:ചെത്തുകാരന്റെ വീട്ടിൽ നിന്ന് വന്ന പിണറായിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ വാങ്ങിയത് അഭിമാനിക്കാൻ വകയുള്ളതല്ലെന്ന കോൺഗ്രസ് എം. പി കെ. സുധാകരന്റെ പ്രസ്‌താവന വിവാദമാകുന്നു. തലശേരിയിൽ ഐശ്വര്യ കേരള യാത്രക്കിടെയാണ് സുധാകരന്റെ പരാമർശം
പാണക്കാട് തങ്ങളുടെ വീട്ടിൽ യു.ഡി.എഫ് നേതാക്കൾ പോയാൽ വർഗീയത കാണുന്ന വിജയരാഘവൻ പിണറായിയുടെ സ്വന്തം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് ഭരണം നിലനിർത്തിയത്. തൊഴിലാളി വർഗ്ഗ പാർട്ടി ഇവിടത്തെ യുവാക്കളെ കഞ്ചാവിന് അടിമകളാക്കുകയാണ്. കോടിയേരിയുടെ മകൻ അഗ്രഹാര ജയിലിൽ കിടക്കുന്നത് വിപ്ലവം വിജയിപ്പിക്കാൻ വേണ്ടിയായിരുന്നില്ലെന്നും സുധാകരൻ പറഞ്ഞു ,
കൺസൾട്ടൻസി ലോബികൾ തിരുവന്തപുരത്ത് പെട്ടിക്കട പോലെ തഴച്ച് വളരുകയാണ്. കൺസൾട്ടൻസിയില്ലാതെ ഒരു ഇടപാടും ഈ സർക്കാരിനില്ല. ഇതിന്റെ ഒരു വിഹിതം പാർട്ടിക്കാണ് പോകുന്നത്. പിണറായി വിജയനെന്ന ഫാസിസ്റ്റിനെ കേരള മണ്ണിൽ നിന്ന് ചവിട്ടി പുറത്താക്കാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്നും ഇത് എല്ലാവരും ഉപയോഗിക്കണമെന്നും സുധാകരന്റെ വിവാദപ്രസംഗത്തിലുണ്ട്.
കെ.സുധാകരൻ മാപ്പ് പറയണം: ഷാനിമോൾ ഉസ്മാൻ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗത്തിലൂടെ അധിക്ഷേപിച്ചതിൽ കെ.സുധാകരൻ എം.പി മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള പരാമർശങ്ങളോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നാണ് എല്ലാ കോൺഗ്രസ് നേതാക്കളോടും തനിക്ക് പറയാനുള്ളതെന്നും ഷാനിമോൾ അഭിപ്രായപ്പെട്ടു. ഏത് തൊഴിലിനും ആ തൊഴിലിന്റേതായ മാഹാത്മ്യമുണ്ട്. തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്നതിനെയാണ് ശക്തമായി എതിർക്കേണ്ടത്. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാം. ഇതിപ്പോ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ അദ്ദേഹം നടത്തിയ പരാമർശം അങ്ങേയറ്റത്തെ തെറ്റായി പോയി. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ സുധാകരനെ താൾ ഓർമ്മപ്പെടുത്തുകയാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ദൃശ്യമാധ്യമത്തിലെ ചർച്ചയിലായിരുന്നു ഷാനിമോളുടെ പ്രതികരണം.